'പറയുന്നത് കേട്ടാല്‍ മതി, തിരിച്ചൊന്നും പറയേണ്ട' ഓട്ടോയിലുള്ളത് കൊലക്കേസ് പ്രതിയാണെന്ന് ജൗഹര്‍ അറിയുന്നത് സുഹൃത്ത് വിളിച്ചപ്പോള്‍; ഒന്നും അറിയാത്ത മട്ടില്‍ ഓട്ടോ നേരെ പൊലീസ് സ്റ്റേഷനിലേക്ക്

വെള്ളി, 18 ജൂണ്‍ 2021 (08:43 IST)
പെരിന്തല്‍മണ്ണ ഏലംകുളത്ത് ദൃശ്യയെന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ പിടികൂടിയത് സിനിമാ സ്റ്റൈലില്‍. സിനിമയിലെ പോലെ അപ്രതീക്ഷിത സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. 
 
വ്യാഴാഴ്ച രാവിലെ എട്ടേകാലോടെ പ്രതിയായ വിനീഷ് പാലത്തോള്‍ തെക്കുംപുറത്തുള്ള ജൗഹര്‍ എന്ന ഓട്ടോ ഡ്രൈവറുടെ വീടിന് മുന്‍പിലെത്തുന്നത്. മഴക്കാലമായതിനാല്‍ രാവിലെ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തു നോക്കുകയായിരുന്നു ജൗഹര്‍. ഏലംകുളത്തുവെച്ച് ബൈക്ക് അപകടത്തില്‍പ്പെട്ടെന്നും അതുകൊണ്ട് ഓട്ടോയില്‍ തന്നെ പെരിന്തല്‍മണ്ണയിലെത്തിക്കുമോ എന്നും വിനീഷ് ജൗഹറിനോട് ചോദിച്ചു. ബൈക്ക് അപകടത്തില്‍പ്പെട്ടത് എങ്ങനെയെന്ന് വിനീഷ് ജൗഹറിനോട് വിവരിച്ചു. താന്‍ അമിത വേഗത്തിലായിരുന്നു എന്നും തനിക്കൊപ്പം ഉണ്ടായിരുന്ന ആള്‍ക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റെന്നും ജൗഹര്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നയാള്‍ ആ പ്രദേശത്തുകാരനായതിനാല്‍ നാട്ടുകാര്‍ തനിക്കെതിരേ തിരിഞ്ഞു. അതുകൊണ്ട് ഓടിരക്ഷപ്പെട്ട് വരുന്നവഴിയാണ്. പാടത്തും പറമ്പിലുമൊക്കെ വീണതിനാലാണ് ദേഹത്ത് ചെളി പറ്റിയതെന്നും വിനീഷ് വിവരിച്ചപ്പോള്‍ ജൗഹര്‍ അത് വിശ്വസിച്ചു. തന്നെ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇറക്കിയാല്‍ മതിയെന്നാണ് വിനീഷ് ആവശ്യപ്പെട്ടത്. ജൗഹര്‍ സമ്മതിച്ചു. 
 
വിനീഷിനെയും കൊണ്ട് ജൗഹര്‍ ഓട്ടോറിക്ഷയെടുത്തു. ആ സമയത്താണ് വിനീഷിനെ തേടി നാട്ടുകാര്‍ ജൗഹറിന്റെ വീട്ടുപരിസരത്ത് എത്തുന്നത്. കൊല നടന്ന വിവാരം നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, വിനീഷ് ജൗഹറിന്റെ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടെന്ന് നാട്ടുകാര്‍ അറിഞ്ഞു. ഉടനെ തന്നെ ജൗഹറിന്റെ സുഹൃത്ത് സമീര്‍ ജൗഹറിനെ ഫോണില്‍ ബന്ധപ്പെട്ടു. ഓട്ടോറിക്ഷയില്‍ കയറിയിരിക്കുന്നത് കൊലപാതകിയാണെന്ന് സമീര്‍ ജൗഹറിനോട് പറഞ്ഞു. പറയുന്നത് മൂളിക്കേട്ടാല്‍ മതിയെന്നും തിരിച്ചൊന്നും പറയേണ്ടെന്നും ആദ്യമേ പറഞ്ഞാണ് സുഹൃത്തായ സമീര്‍ കാര്യംപറഞ്ഞത്. അപ്പോഴേക്കും ഓട്ടോ കുന്നപ്പള്ളിയെന്ന സ്ഥലത്ത് എത്തിയിരുന്നു. 
 
ഫോണ്‍വെച്ചശേഷം ഒന്നും അറിയാത്ത മട്ടില്‍ ജൗഹര്‍ വിനീഷിനോട് സംസാരിച്ചുകൊണ്ടിരുന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ ഇവിടെ ഇറക്കിയാല്‍ മതിയെന്നും പോയ്‌ക്കൊള്ളാനും വിനീഷ് പറഞ്ഞു. എന്നാല്‍, പ്രതിയെ പിടിച്ചുകൊടുക്കാന്‍ ജൗഹര്‍ തന്റെ ബുദ്ധി ഉപയോഗിച്ച് ആലോചിച്ചു. സ്റ്റേഷനുമുന്നില്‍ സുഹൃത്തും നാട്ടുകാരുമായ സുബിനെക്കണ്ടത് ജൗഹറിന് കാര്യങ്ങള്‍ എളുപ്പമാക്കി. വിനീഷ് പറഞ്ഞിടത്ത് നിര്‍ത്താതെ സുബിന്‍ നില്‍ക്കുന്നിടത്ത് പോയി ഓട്ടോ നിര്‍ത്തി. 'ഇവനെ വിടരുത്, പിടിക്കൂ' എന്ന് സുബിനോട് വിളിച്ചുപറഞ്ഞു. ഇരുവരും ചേര്‍ന്ന് വിനീഷിനെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍