മലപ്പുറം: ബൈക്ക് യാത്രക്കാരനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി ആറു ലക്ഷം രൂപ കവർന്ന കേസിൽ ആറു പേര് ഉൾപ്പെട്ട സംഘത്തെ പോലീസ് പിടികൂടി. ചെർപ്പുളശേരി സ്വദേശി അമീർ, പെരിന്തൽമണ്ണ സ്വദേശി ഫസൽ, കോട്ടയം വാകത്താനം സ്വദേശി ജോസഫ്, തൂത സ്വദേശി അമൽ, കട്ടിപ്പാറ ചേലക്കാട് സ്വദേശി മുഹമ്മദ് നിസാർ, ചെറുകര സ്വദേശി വിഷ്ണു എന്നിവരെയാണ് പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്.
കഴിഞ്ഞ പതിമൂന്നിനായിരുന്നു ആനമങ്ങാട്ടെ വീട്ടിൽ നിന്ന് വളാഞ്ചേരിയിലേക്ക് ബൈക്കിൽ പോയ ആനമങ്ങാട് സ്വദേശിയെ കാറിൽ പിന്തുടർന്നെത്തിയ സംഘം ബൈക്കിൽ കാർ പിടിപ്പിക്കുകയും മറിഞ്ഞു വീണ ഇയാളെ മർദ്ദിച്ചു ബൈക്കുമായി കടന്നു. പിന്നീട് ബൈക്കിൽ ഉണ്ടായിരുന്ന ആറു ലക്ഷം രൂപ എടുത്ത ശേഷം ബൈക്ക് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ സമീപത്തെ ആളുകളാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പരാതിയെ തുടർന്ന് പെരിന്തൽമണ്ണ ഡി.വൈ.എസ്.പി കെ.കെ.സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചു പ്രതികളെ പിടികൂടിയത്.
കേസിലെ പ്രധാന സൂത്രധാരനായ അമീർ എന്നയാളാണ് പണം തട്ടിയെടുക്കാനാണ് മറ്റുള്ളവർക്ക് നിർദ്ദേശം നൽകിയത്. ഇയാളാണ് ആക്രമണത്തിന് ഇരയായ ആൾ പോകുന്ന വഴി, ബൈക്ക് നമ്പർ എന്നിവ മറ്റുള്ളവർക്ക് നൽകിയത് എന്ന് പോലീസ് അറിയിച്ചു.