മലപ്പുറത്ത് വെള്ളാപ്പള്ളിയുടെ മിന്നല്‍ നീക്കം; പകച്ചു പോയത് ശ്രിപ്രകാശ് - ബിജെപി വെട്ടില്‍

വെള്ളി, 7 ഏപ്രില്‍ 2017 (19:51 IST)
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തമായിരിക്കെ ബിജെപിയേയും ബിഡിജെഎസിനെയും പ്രതിസന്ധിയിലാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്.

ബിജെപി സ്ഥാനാര്‍ഥി എൻ ശ്രീപ്രകാശിനായി വോട്ടു ചോദിക്കാൻ വെള്ളാപ്പള്ളി തയാറാകാതിരുന്നതാണ് എൻഡിഎയെ വെട്ടിലാക്കിയത്.

ബിജെപിയുടെ പ്രചാരണങ്ങള്‍ കണ്ടില്ലെന്നു നടിച്ച വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന്‍റെ പരിപാടിയിൽ മാത്രം പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും പങ്കെടുക്കാന്‍ അദ്ദേഹം തയാറായില്ല.

പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നിന്ന വെള്ളാപ്പള്ളി ബിജെപിയെ പരോക്ഷമായി ആക്രമിക്കുകയും ചെയ്‌തു. മലപ്പുറത്ത് പ്രവർത്തകർ അവരുടെ ഇഷ്ടത്തിനു വോട്ടു ചെയ്യുമെന്നും മലപ്പുറത്തെ ജയസാധ്യതകളെ കുറിച്ച് ജനങ്ങൾക്ക് ഉത്തമബോധ്യമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

നേരത്തെ മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ വെള്ളാപ്പള്ളി പരസ്യമായി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ജയിക്കുമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക