നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണ് കേരളത്തിന്‍റെ ശാപം: സുരേഷ്ഗോപി

എ കെ ജനാര്‍ദ്ദന അയ്യര്‍

ശനി, 12 ഒക്‌ടോബര്‍ 2019 (14:40 IST)
നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണ് കേരളത്തിന്‍റെ ശാപമെന്ന് നടനും എം പിയുമായ സുരേഷ് ഗോപി. വട്ടിയൂര്‍ക്കാവിലെ ബി ജെ പി സ്ഥാനാര്‍ത്ഥി സുരേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കവേയാണ് സുരേഷ്ഗോപി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയത്. 
 
282 സീറ്റില്‍ നിന്ന് 300ലധികം സീറ്റുകളിലേക്ക് വളര്‍ന്നത് ബി ജെ പി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങളുടെ ഫലമാണ്. അതിനെ വിദേശയാത്രയുടെയും 15 ലക്ഷത്തിന്‍റെയുമൊകെ കാര്യം പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ പിന്നോട്ടുള്ള കാലം പരിശോധിച്ചാല്‍ ഇപ്പോഴത്തെ നേട്ടത്തിന്‍റെ മൂല്യം മനസിലാകും. ത്രിവര്‍ണപതാകയ്ക്ക് കളങ്കം ചാര്‍ത്താനായി കൈപ്പത്തിയുമായി നടക്കുന്നവരെയും അപ്പോള്‍ മനസിലാകും - സുരേഷ്ഗോപി പറഞ്ഞു. 
 
കേരളത്തിന്‍റെ കാര്യമെടുത്താല്‍ ഭരണപക്ഷത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നട്ടെല്ലില്ലാത്ത പ്രതിപക്ഷമാണ് സര്‍ക്കാരിനെ ഒരു അധമ ഭരണത്തിനായി അഴിച്ചുവിട്ടിരിക്കുന്നത്. ജാതീയതയുടെ പേരില്‍ കൊലകള്‍ കേരളത്തില്‍ നടക്കുമ്പോള്‍ അതില്‍ പ്രശ്നമില്ലെന്ന് കാണുകയും എന്നാല്‍ വടക്കേയിന്ത്യയില്‍ അത്തരം കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉച്ചത്തില്‍ പറയുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. 
 
ബി ജെ പി ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നതെന്നും കേരളം പിടിച്ചടക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്നും സുരേഷ് ഗോപി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍