എം ചന്ദ്രദത്തന്‍ വിഎസ്എസ്‌സി ഡയറക്ടറാകും

വെള്ളി, 6 ജൂണ്‍ 2014 (09:30 IST)
വിക്രം സാരാഭായ്  സ്പെയിസ് സെന്റര്‍(വിഎസ്എസ്‌സി)ഡയറക്ടറായി പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും എല്‍പിഎസ്സി ഡയറക്ടറുമായ എം ചന്ദ്രദത്തന്‍ നിയമിതനാകും. വിഎസ്എസ്സിയുടെ നിലവിലുളള ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ വിരമിക്കുന്ന ഒഴിവിലാണിത്.

ജൂണ്‍ 30ന് ഇദ്ദേഹം ചുമതലയേല്‍ക്കും. 1972ലാണ് ചന്ദ്രദത്തന്‍ വിഎസ്എസ്സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2004 വരെ അവിടെ തുടര്‍ന്നു. പിന്നീട്  ശ്രീഹരിക്കോട്ട സതീഷ്ധവാന്‍ സ്പെയിസ് സെന്ററിലേക്കു മാറി. നാലര വര്‍ഷം അവിടെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 2013 ജനുവരിയിലാണ് എല്‍പിഎസ്‌സി ഡയറക്ടറാകുന്നത്.

രാജ്യം പദ്മശ്രീ നല്‍കി ഇദ്ദേഹത്തൈന്റെ സംഭാവനകളെ ആദരിച്ചിരുന്നു. ഐഎസ്ആര്‍.ഒ.യുടെ വിജയമായ പല  ബഹിരാകാശ ദൗത്യങ്ങളിലും ചന്ദ്രദത്തന്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. വിഎസ്എസ്‌സി ഡയറക്ടറാകുന്നതോടെ ഐഎസ്ആര്‍ഒയുടെ മൂന്നു കേന്ദ്രങ്ങളുടേയും ഡയറക്ടറായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്ന ശാസ്ത്രജ്ഞനായി ചന്ദ്രദത്തന്‍ മാറുകയാണ്.

വര്‍ക്കല മുണ്ടയില്‍ വിളയില്‍ വീട്ടില്‍ മാധവന്‍വൈദ്യരുടേയും വസുമതിടീച്ചറിന്റെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ രാധയാണ്. മനുദത്തന്‍(ചിക്കാഗോ), വിഷ്ണുദത്തന്‍(ന്യൂയോര്‍ക്ക്) എന്നിവര്‍ മക്കളാണ്.എല്‍പിഎസ് സി യുടെ പുതിയ ഡയറക്ടറായി ജിഎസ്എല്‍വി പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ ശിവന്‍ നിയമിതനാകും.

വെബ്ദുനിയ വായിക്കുക