ലിബിയയില്‍ നിന്ന് മടങ്ങിയെത്തിയത് 18 മലയാളികള്‍; നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് നഴ്സുമാര്‍

വ്യാഴം, 12 മെയ് 2016 (12:22 IST)
ആഭ്യന്തരകലാപത്തില്‍പ്പെട്ട് ലിബിയയില്‍ കുടുങ്ങിയ നഴ്സുമാര്‍ ഉള്‍പ്പെടെ 18 മലയാളികള്‍ തിരിച്ചെത്തി. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മലയാളികളുടെ ആദ്യസംഘം എത്തിയത്. തിരിച്ചെത്തിയവരില്‍ 11 പേര്‍ കുട്ടികളാണ്.
 
തുര്‍ക്കിയിലെ ഇസ്താബുളില്‍ നിന്നും ദുബായില്‍ എത്തിയ സംഘം അവിടെ നിന്നും എമിറേറ്റ്സ് വിമാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. മലയാളികള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന 11 തമിഴ്‌നാട് സ്വദേശികള്‍ ദുബായില്‍ നിന്നും ചെന്നൈയിലേക്ക് തിരിച്ചു.
 
അതേസമയം, നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് നഴ്സുമാര്‍ അറിയിച്ചു. എംബസിയില്‍ നിന്ന് യാതൊരു സഹകരണവും ഇല്ലായിരുന്നു. സ്വന്തം ടിക്കറ്റെടുത്താണ് ഇവിടെ വരെ എത്തിയതെന്നും തിരിച്ചെത്തിയവര്‍ പറഞ്ഞു.
 
നെടുമ്പാശ്ശേരിയില്‍ എത്തിയ മലയാളികളുടെ സംഘത്തിലെ പ്രായപൂര്‍ത്തി ആയവര്‍ക്ക് നോര്‍ക്ക 2000 രൂപ വീതം ധനസഹായം നല്കി. അതേസമയം, സ്വന്തമായി വിമാനടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റിന്റെ പണം നല്കുമെന്നും സാങ്കേതിക തകരാറു മൂലമാണ് ടിക്കറ്റ് നല്കാന്‍ കഴിയാതിരുന്നതെന്നും നോര്‍ക്ക വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക