അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അടുത്തടുത്ത ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തെക്ക് കിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതും സംസ്ഥാനത്ത് മഴ തുടരാന്‍ കാരണമാകും. ഈ ചക്രവാതചുഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും മധ്യ കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തുടര്‍ന്ന് പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.