പ്രണയ നൈരാശ്യം; വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു, കാമുകന്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 25 ഫെബ്രുവരി 2016 (09:51 IST)
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്‌ കോളേജ്‌ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍‍. പെണ്‍കുട്ടിക്ക്‌ വിവാഹ വാഗ്‌ദാനം നല്‍കിയ ശേഷം ഗള്‍ഫിലേക്ക്‌ മുങ്ങിയ കോന്നി വകയാര്‍ സ്വദേശി ജിതിനാണ്‌ രണ്ടു വര്‍ഷത്തിനു ശേഷം പൊലീസ് പിടിയിലായത്‌.

രണ്ട്‌ വര്‍ഷത്തോളമായി ഗള്‍ഫിലും ദക്ഷിണാഫ്രിക്കയിലും ഒളിവില്‍ കഴിഞ്ഞിരുന്ന ജിതിന്‍ തിരിച്ച്‌ നാട്ടിലെത്തുന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ വെച്ച്‌ എമിഗ്രേഷന്‍ ഉദ്യോഗസ്‌ഥരാണ്‌ അദ്ദേഹത്തെ കസ്‌റ്റഡിയിലെടുത്തത്‌.

2014 ലായിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌. ജിതിനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബസ്‌ ഡ്രൈവറായിരുന്നു ജിതിന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായ ശേഷം ബസ്‌ തന്റെതാണെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ചു. മാതാപിതാക്കള്‍ വിദേശത്താണെന്ന്‌ പറഞ്ഞ ജിതിന്‍ വിവാഹം കഴിക്കാമെന്ന് പെണ്‍കുട്ടിയ്ക്ക് ഉറപ്പ്‌ നല്‍കുകയും ചെയ്‌തു. എന്നാല്‍ ജിതിന്‌ ഭാര്യയും മക്കളും ഉണ്ടെന്നറിഞ്ഞതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.