ലോട്ടറി : 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നേടിയ ബംഗാൾ സ്വദേശിക്ക് പോലീസ് സഹായം

എ കെ ജെ അയ്യര്‍

ശനി, 29 ഒക്‌ടോബര്‍ 2022 (17:58 IST)
കൊല്ലം: സംസ്ഥാന സർക്കാർ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ ബംഗാൾ സ്വദേശി സഹായം അഭ്യർത്ഥിച്ചു പോലീസ് സ്റ്റേഷനിലെത്തി. അഞ്ചു വര്ഷം മുമ്പ് ബംഗാളിൽ നിന്ന് നിർമ്മാണ തൊഴിലാളിയായി ഇവിടെ എത്തിയ ഉത്തം ബർമൻ ചാത്തന്നൂരിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യവെയാണ്‌ ലോട്ടറിയടിച്ചത്.

രണ്ടു ദിവസം മുമ്പാണ് ഇയാൾ ഭാഗ്യക്കുറി വിൽപ്പന നടത്തുന്ന ഒരു സ്ത്രീയിൽ നിന്ന് ടിക്കറ്റെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ ജോലിക്കു പോകും മുമ്പ് പത്രത്തിൽ വന്ന നറുക്കെടുപ്പ് ഫലം നോക്കിയപ്പോഴാണ് തനിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന് അറിഞ്ഞത്. ഉടൻ തന്നെ സുഹൃത്തുക്കൾക്കൊപ്പം ബർമൻ ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു.

പോലീസ് സ്റ്റേഷനിലെ എസ്.ഐ ആശ വി.രേഖ കാര്യങ്ങൾ അറിഞ്ഞശേഷം ഫലവും ടിക്കറ്റും ഒത്തുനോക്കി സമ്മാനം ലഭിച്ചു എന്ന് ഉറപ്പു വരുത്തി അതിനുശേഷം പോലീസുകാർക്കൊപ്പം ബർമനെ ചാത്തന്നൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ എത്തിക്കുകയും പോലീസ് സാന്നിധ്യത്തിൽ ടിക്കറ്റ് ബാങ്ക് അധികാരികളെ ഏൽപ്പിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍