ലോട്ടറി ജേതാക്കളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ജനുവരി 2023 (19:36 IST)
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സമ്മാനത്തുക വീതിച്ച് കൂടുതല്‍ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ അംഗങ്ങള്‍ക്ക് നല്‍കുന്ന ബീച്ച് അംബ്രല്ലയുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
 
1000 പേര്‍ക്കാണ് സൗജന്യമായി ബീച്ച് അംബ്രല്ല സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റ്/വില്‍പ്പനക്കാര്‍ക്ക് 200 മുച്ചക്ര സ്‌കൂട്ടര്‍ വിതരണത്തിന് തയ്യാറായതായി മന്ത്രി അറിയിച്ചു. ഇതിനുപുറമേ ലോട്ടറി തൊഴിലാളികള്‍ക്ക് യൂണിഫോം വിതരണവും നടത്തും. ലോട്ടറി വകുപ്പിന്റെ ഓഫീസുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഭിന്നശേഷി സൗഹൃദമാക്കുക എന്നീ നടപടികളും സര്‍ക്കാര്‍ പരിഗണനയിലാണ്. സര്‍ക്കാര്‍ ലോട്ടറിയുടെ സുരക്ഷാ ഫീച്ചറുകള്‍ വര്‍ധിപ്പിച്ച് പ്രചാരം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍