ദേ.. ഇങ്ങനെയൊക്കെയാണ് ലോക്നാഥ് ബെഹ്റ!

ശനി, 4 ജൂണ്‍ 2016 (16:57 IST)
താൻ ദൈവവിശ്വാസിയാണെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. ഞാനൊരു സാധാരണക്കാരനാണ്. ഈഗൊ എനിയ്ക്കില്ല. എന്താവശ്യത്തിനും എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാം. സാധാരണക്കാരെ സംരക്ഷിക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്നും അദ്ദേഹം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
സെൻകുമാർ പറഞ്ഞത് പോലെ താൻ അദ്ദേഹത്തിൽ നിന്നും ഒരുപാട് വ്യത്യാസമുള്ള വ്യക്തിയാണ്. സ്ത്രീ സുരക്ഷയും അഴിമതി ഇല്ലാതാക്കുക എന്നതാണ് എന്റെ ലക്ഷ്യമെന്നും ഡി ജി പി വ്യക്തമാക്കി. പൊലീസ് സേനയിൽ താഴെത്തട്ടു മുതൽ മുകളിൽ വരെ അഴിമതിയുണ്ടെന്നാണു ജനം പറയുന്നത്. അഴിമതി കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ ഉടൻ കേസ് റജിസ്റ്റർ ചെയ്യുമെന്നും ബെഹ്റ അറിയിച്ചു.
 
പുതിയ ഇടതു സർക്കാർ ഇടയ്ക്കൊന്നു മറിച്ചു തീരുമാനിച്ചില്ലെങ്കിൽ സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിൽ ഏറ്റവും കൂടുതൽ കാലം ഇരിക്കുന്ന ഡിജിപിയാകും ഇദ്ദേഹം. കൃത്യം അഞ്ചു വർഷവും ഒരു മാസവും. മുപ്പതു വർഷത്തെ സർവീസിനിടയിൽ 12 വർഷം ബെഹ്റ സി ബി ഐ യിലായിരുന്നു. 'സേനയിൽ അഴിമതി പൂർണമായി തുടച്ചുനീക്കണം. വിട്ടുവീഴ്ച പാടില്ല. സാധാരണക്കാർക്കു നീതി ഉറപ്പാക്കണം. ഇതിനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ടാകും.' - എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകൾക്കാണ് അദ്ദേഹം ഇപ്പോൾ പ്രാധാന്യം നൽകുന്നത്.

വെബ്ദുനിയ വായിക്കുക