പേയ്മെന്റ് സീറ്റ് വിവാദം അമിക്കസ് ക്യൂറി അന്വേഷിക്കും
വെള്ളി, 31 ഒക്‌ടോബര്‍ 2014 (13:21 IST)
തിരുവനന്തപുരം ലോക്സഭാ മന്‍ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥിയായി ഡോ. ബെന്നറ്റ് എബ്രഹാമിനെ നിശ്ചയിച്ചതില്‍ അഴിമതി നടന്നു എന്ന ആരോപണം അന്വേഷിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചുകൊണ്ട് ലോകായുക്ത ഉത്തരവിട്ടു. അഡ്വ. ജി. ഹരികുമാറിനെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.
തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ച് ചിറയിന്‍കീഴ് സ്വദേശി ഷംനാദാണ് ലോകായുക്തയില്‍ പരാതി. പരാതി സ്വീകരിച്ച ലോകായുക്ത സിപിഐ ഓഫീസില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്‌സും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും ഉള്‍പ്പടെയുള്ള രേഖകള്‍ പിടിച്ചെടുക്കാന്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിരുന്നു. പോലീസ് അക്കാദമി ഡയറക്ടറായ ഐജി സുരേഷ്‌രാജ് പുരോഹിതിനായിരുന്നു ആദ്യം അന്വേഷണച്ചുമതല.
എന്നാല്‍ ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി പന്നന്‍ രവീന്ദ്രന്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി പരിഗണിച്ച് രേഖകള്‍ പിടിച്ചെടുക്കുന്നത് ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ്, ഉപലോകായുക്ത കെ.ബി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡോ. ബെന്നറ്റ് എബ്രഹാമിനെ തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയതും ഇതു സംബന്ധിച്ച് മൂന്നംഗ അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണവുമെല്ലാം പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും ഇവ പിടിച്ചെടുക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നുമാണ് പന്യന്‍ രവീന്ദ്രന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.