ലോക്ക്ഡൗണിനിടെ സംഘംചേര്‍ന്ന് കോഴി ചുട്ടു; പൊലീസ് എത്തിയപ്പോള്‍ ചിക്കന്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു

തിങ്കള്‍, 24 മെയ് 2021 (15:11 IST)
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ യുവാക്കള്‍ അകാരണമായി സംഘം ചേരുന്നത് പലയിടത്തും സ്ഥിരം സംഭവമാകുകയാണ്. ഇവരെകൊണ്ട് പൊലീസിന് വലിയ തലവേദനയും ഉണ്ടാകുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കെ മലപ്പുറത്ത് ഏതാനും യുവാക്കള്‍ ചേര്‍ന്ന് ചിക്കന്‍ ചുട്ടതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. 
 
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മലപ്പുറം നെല്ലിക്കുത്തില്‍ കുറച്ച് യുവാക്കള്‍ സംഘം ചേര്‍ന്ന് കോഴി ചുടുകയായിരുന്നു. അല്‍ഫഹാം ഉണ്ടാക്കുന്ന തിരക്കില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ല. കോഴിയെല്ലാം ചുട്ടെടുത്ത് കഴിഞ്ഞപ്പോള്‍ ദേ വരുന്നു പൊലീസ്. ചുട്ടെടുത്ത ചിക്കനെല്ലാം പറമ്പില്‍ ഉപേക്ഷിച്ച് യുവാക്കള്‍ ഓടിരക്ഷപ്പെട്ടു. 
 
പ്രദേശവാസികളായ ഏതാനും ആളുകളാണ് റബര്‍ തോട്ടത്തിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കോഴി ചുടാനുള്ള സജ്ജീകരണങ്ങളുമായി എത്തിയത്. ചൂള കട്ടകളും വലിയ കല്ലുമൊക്കെ ചേര്‍ത്തുവച്ച് കോഴി ചുടാനുള്ള സജ്ജീകരണമുണ്ടാക്കി. വട്ടം കൂടിയിരുന്ന് ചിക്കന്‍ ചുട്ടെടുക്കുകയും ചെയ്തു. എന്നാല്‍, പൊലീസ് വരുന്നത് കണ്ടതോടെ അതില്‍ നിന്നു ഒരു കഷണം ചിക്കന്‍ പോലും കഴിക്കാന്‍ പറ്റാതെ യുവാക്കള്‍ ഓടിരക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ചുട്ടെടുത്ത ചിക്കന്‍ അനാഥമായി കിടക്കുന്നു. മഞ്ചേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴി ചുടുകയായിരുന്ന യുവാക്കളെ പിടിക്കാനെത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍