രണ്ടുവയസുകാരന്‍റെ തല പാത്രത്തിനകത്തായി: ഫയര്‍ഫോഴ്സ് രക്ഷയ്ക്കെത്തി

ബുധന്‍, 11 ജനുവരി 2017 (13:59 IST)
രണ്ടു വയസുകാരന്‍റെ തല അലൂമിനിയം പാത്രത്തിനകത്തു കുടുങ്ങിയത് പുറത്തെടുക്കാന്‍ ഫയര്‍ഫോഴ്സ് എത്തേണ്ടി വന്നതായി റിപ്പോര്‍ട്ട്. കളിക്കുന്നതിനിടയില്‍ ചേങ്കോട്ടുകോണം സ്വാമിയാര്‍ മഠത്തിനടുത്ത് താമസിക്കുന്ന അരുണിന്‍റെ മകന്‍ ധീരജിന്‍റെ തലയാണു പാത്രത്തിനുള്ളില്‍ കുടുങ്ങിയത്.
 
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. അടുക്കളയില്‍ ജോലിയിലായിരുന്നു കുട്ടിയുടെ മാതാവ്. തറയിലിരുന്നു കളിക്കുകയായിരുന്ന കുഞ്ഞ് പാത്രം തലയില്‍ കമഴ്തിയതാണു കുഴപ്പത്തിനു കാരണമായത്. 
 
വീട്ടുകാരും അയല്‍ക്കാരും സര്‍വ പണികളും നടത്തിയെങ്കിലും കുട്ടിയുടെ തല പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കഴക്കൂട്ടത്തെ ടെക്നോപാര്‍ക്ക് ഫയര്‍ഫോഴ്സ് വിഭാഗം അസിസ്റ്റന്‍റ് സ്റ്റേഷന്‍ മാസ്റ്റര്‍ കെ.പി.മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘം രക്ഷയ്ക്കെത്തി. കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് ഒടുവില്‍ ഇവര്‍ കുട്ടിയെ രക്ഷിച്ചത്.  

വെബ്ദുനിയ വായിക്കുക