തദ്ദേശഭരണ തിരഞ്ഞെടുപ്പ്, കാടിളക്കി പ്രചാരണത്തിന് ബിജെപി, മന്ത്രിമാരുള്‍പ്പടെ കേന്ദ്ര നേതാക്കള്‍ എത്തും
വ്യാഴം, 27 ഓഗസ്റ്റ് 2015 (15:44 IST)
സംസ്ഥാത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ അവ്യക്തത നിലനില്‍ക്കുന്നതിനിടെ അഭിമാനപ്പോരാട്ടത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്ത് അവഗണിക്കാനാകാത്ത ശക്തിയാണെന്ന് തെളിയിക്കുന്നതിനായി കാടിളക്കിയുള്ള പ്രചാരണത്തിനാണ് പാര്‍ട്ടി തീരുമാനമെടുത്തിരിക്കുന്നത്. ഇതിനായി തിരഞ്ഞെടുപ്പിനു മുമ്പായി പ്രചാരനത്തിനും തിരഞ്ഞെടുപ്പ് ഏകോപനങ്ങള്‍ക്കുമായി എംപിമാരുടെയും മന്ത്രിമാരുടെയും നേതാക്കളുടെയുമുള്‍പ്പെടെയുള്ള വലിയ കേന്ദ്ര സംഘത്തേത്തന്നെ ബിജെപി രംഗത്തിറക്കും.
ഇതിന്റെ ഭാഗമായി നാലു കേന്ദ്രമന്ത്രിമാരും 20 എംപിമാരും അടുത്തദിവസം സംസ്ഥാനത്തെത്തും. കേന്ദ്രമന്ത്രിമാര്‍ ലോക്സഭാ മന്‍ഡലങ്ങളിലും എംപിമാര്‍ നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ലോക്സഭാ മണ്ഡലങ്ങളില്‍ വലിയ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. എംപിമാര്‍ നിയമസഭാ മണ്ഡലങ്ങളില്‍ ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
നാലുമണ്ഡലങ്ങളിൽ വീതം പര്യടനം നടത്തുന്ന എംപിമാർ പ്രദേശത്തെ പ്രധാന രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്ന മുറയ്ക്ക് ബിജെപിയുടെ കേന്ദ്ര നേതാക്കാളും സംസ്ഥാനത്ത് എത്തും. അതിനു മുമ്പ് പ്രവര്‍ത്തകര്‍ക്ക് മുഴുവനുമായി മേഖലാടിസ്ഥാനത്തില്‍ ക്ലാസുകള്‍ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെപി ശ്രീശനാണു പഠനക്ലാസുകളുടെ ചുമതല.
ഈ സമയത്ത് പാര്‍ട്ടി സംഘടിപ്പിക്കുന്‍ രക്ഷാബന്ധന്‍ ആഘോഷങ്ങളും തിരഞ്ഞെടുപ്പ് ആശയപ്രചാരണത്തിനായി ഉപയോഗിക്കും. രാഖി കെട്ടൽ ചടങ്ങിനൊപ്പം പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പോളിസിയിൽ കൂടുതൽ പേരെ ചേർക്കാനാണു നിർദേശം. കൂട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ വിശദീകരിക്കുകയും ലഘുലേഖകള്‍ നല്‍കുകയും ചെയ്യും.
മേഖാ പാര്‍ട്ടി ക്ലാസുകള്‍ കഴിഞ്ഞാല്‍ ജില്ല, വാര്‍ഡ് തല സമ്മേളനങ്ങളും ക്ലാസുകളും പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി പട്ടിക സെപ്റ്റംബർ 15 നകം ജില്ലതല കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. മുഴുവൻ പുതിയ അംഗങ്ങളേയും തിരഞ്ഞെടുപ്പ് പ്രകൃയയുടെ ഭാഗമാക്കണമെന്ന് കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതായാണ് വിവരം. ഇതിനും പുറമേ സാമൂഹികമാധ്യമങ്ങളിലൂടെ ഉൾപ്പെടെ പ്രചാരണ പരിപാടികൾക്കു പാർട്ടി നേതൃത്വം രൂപം നൽകിക്കഴിഞ്ഞു. ഇതിന്റെ പ്രവര്‍ത്തങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും.
മേഘലാ ക്ലാസുകള്‍ക്ക് ജില്ലാ സംസ്ഥാന നേതാക്കളാണ് നേതൃത്വം നല്‍കുക. കാസർകോട്, കണ്ണൂർ–കെ. സുരേന്ദ്രൻ, കോഴിക്കോട്, മലപ്പുറം–കെ.പി. ശ്രീശൻ, തൃശൂർ കെ. സുഭാഷ്, എറണാകുളം–എ.എൻ. രാധാകൃഷ്ണൻ, പത്തനംതിട്ട–എം.ടി. രമേശ്, തിരുവനന്തപുരം ജോർജ് കുര്യൻ തുടങ്ങിയവരാണ് ക്ലാസുകള്‍ നയിക്കുക എന്നാണ് അവസാനം വന്ന വിവരങ്ങള്‍.