കാര്യം ഗാന്ധിജയന്തിയാണ് രാജ്യത്തെമ്പാടും ഡ്രൈഡേയാണ് എന്നൊക്കെ പറഞ്ഞാല്‍ കുടിയന്മാര്‍ സമ്മതിക്കുമൊ, അവര്‍ക്ക് ‘സാധനം‘ കിട്ടണം. അതിന് ഏത് ചാത്തനേയും കൂട്ടുപിടിക്കും എന്ന് തെളിയിച്ചുകൊണ്ട് വയനാട്ടില്‍ കര്‍ണ്ണാടക അതിര്‍ത്തിയില്‍ പരസ്യമായ മദ്യവില്‍പ്പന നടന്നു. അനധികൃതമായി നടന്ന ഈ മദ്യവില്‍പ്പന തടയാനോ എന്തിന് ആ വഴിക്കൊന്ന് എത്തിനോക്കാനോ രണ്ട് സംസ്ഥാനങ്ങളിലേയും പൊലീസുകാര്‍ മെനക്കെട്ടില്ല.
കര്‍ണ്ണാടകയിലെ ബാവലി എന്ന സ്ഥലത്താണ് കുടിയന്മാരുടെ പകല്‍പ്പൂരം നിറഞ്ഞാടിയത്. കേരള കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമവും ആദിവാസി ജനസംഖ്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ തിരുനെല്ലി പഞ്ചായത്തിലെ ബാവലിയോടു തൊട്ടുചേര്‍ന്നാണ് കര്‍ണാടകയിലെ ബാവലി. കേരളത്തില്‍ ഒന്നാം തിയതിയും ഡ്രൈഡേയായതിനാല്‍ മദ്യ ലോബി ഇവിടെ കച്ചവടം നടത്തിയിരുന്നു. ഒന്നം തിയതി ഉണ്ടായ തിരക്ക് കണ്ട് കൂടുതല്‍ കരുതല്‍ ശേഖരുവുമായി എത്തിയ മദ്യ ലോബികളേപ്പോലും ഞെട്ടിക്കുന്ന തരത്തിലാണ് രണ്ടിന് നടന്ന കച്ചവടം.
ഒരു പുഴയാണ് രണ്ട് ബാവലിയെയും വേര്‍തിരിക്കുന്നത്. കാല്‍നടയായി പോയി കുടിയന്മാര്‍ കാട്ടില്‍ അകപ്പെടേണ്ട എന്ന് കരുതിയാകണം സര്‍വീസ് മുടക്കാതെ കുടിയന്‍മാരെ സഹായിക്കാന്‍ കെഎസ്‌ആര്‍ടിസിയുമുണ്ടായിരുന്നു. ബാവലിയിലേക്ക് തലച്ചുമടായി പെട്ടീകളിലാക്കിയാണ് മദ്യം കൊണ്ടുവന്നിരുന്നത്. വന്യജീവി സങ്കേതത്തിനുള്ളിലും പരിസരങ്ങളിലുമായി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബാറുകള്‍ കേന്ദ്രീകരിച്ചാണ് ഗാന്ധിജയന്തി ദിനത്തില്‍ ബാവലിയിലേക്ക് മദ്യം ഒഴുകിയെതെന്ന് സൂചനയുണ്ട്.