സ്വന്തം മന്ത്രിമാര്‍ക്കും മൂക്കുകയര്‍; മന്ത്രിമാര്‍ അഞ്ചു ദിവസം തലസ്ഥാനത്തുണ്ടാകണം, പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം- പിണറായി പിടിമുറുക്കുന്നു

വ്യാഴം, 26 മെയ് 2016 (14:03 IST)
എല്‍ഡിഎഫ് മന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ ആറു മാസം മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസവും തലസ്ഥാനത്ത് ഓഫീസില്‍ ഉണ്ടായിരിക്കണം. സര്‍ക്കാരിന്റെ ആദ്യത്തെ ആറുമാസം നിര്‍ണായകമായതിനാല്‍ ഈ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പത്രികയില്‍ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. മന്ത്രിമാരില്‍ ഏറെയും പുതുമുഖങ്ങളാണ്. ഭരണതലത്തില്‍ പരിചയമുണ്ടാക്കാനും ഉദ്യോഗസ്ഥരുമായി നിരന്തര ചര്‍ച്ചകള്‍ക്കുമാണ് തലസ്ഥാനത്തു തന്നെ കാണണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും പിണറായി വ്യക്തമാക്കി.

മന്ത്രിസഭയിലാകെ പിണറായി വിജയന്‍ എഫക്‍ട് പടരുകയാണ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം നിര്‍ദെശം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്. ക്ഷേമ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നല്‍കുന്നതിനായി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതും സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലെയും ഒഴിവുകള്‍ 10 ദിവസത്തിനകം പി എസ് സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രിസഭ തീരുമാനിച്ചത്.


കഴിഞ്ഞ സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിച്ച് വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പിണറായി നിര്‍ദേശം നല്‍കിയതും മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും പാലിക്കേണ്ടതിനായിട്ടാണ്. ഇതോടെ മന്ത്രിസഭയിലെ തീരുമാനങ്ങളില്‍ എല്ലാം പിണറായി സ്‌റ്റൈല്‍ വ്യാപകമായി.

വെബ്ദുനിയ വായിക്കുക