അഞ്ച് ദിവസവും തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്ന് മന്ത്രിമാര്‍; അംഗീകരിക്കാതെ മുഖ്യമന്ത്രി - വാര്‍ത്ത നിഷേധിച്ച് സുനില്‍ കുമാര്‍

തിങ്കള്‍, 12 ഫെബ്രുവരി 2018 (16:38 IST)
ആഴ്ചയിൽ അഞ്ച് ദിവസവും തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം പ്രായോഗികമല്ലെന്ന് മന്ത്രിമാർ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.

നിർദേശം പൂർണമായി അംഗീകരിക്കാനാവില്ലെന്നാണ് മന്ത്രിമാര്‍ അറിയിച്ചിരിക്കുന്നത്. സിപിഐ മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ മടി കാണിച്ചത്.

സ്വന്തം മണ്ഡലങ്ങളിൽ വിവിധ പരിപാടികൾ ഉണ്ടാകുമെന്നും അതിൽ പങ്കെടുക്കാതിരിക്കാനാവില്ലെന്നും മന്ത്രിമാർ വ്യക്തമാക്കി. എന്നാൽ മന്ത്രിമാരുടെ വാദം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം.

അതേസമയം, പുറത്തുവന്ന വാര്‍ത്ത നിഷേധിച്ച് കൃഷിമന്ത്രി സുനില്‍ കുമാര്‍ രംഗത്തുവന്നു. മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. ആഴ്ചയിൽ അഞ്ച് ദിവസവും തലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിച്ചിട്ടില്ല. ഇത്രയും ദിവസം തിരുവനന്തപുരത്തെ ഓഫീസുകളില്‍ ഉണ്ടാകണമെന്നത് എപ്പോഴും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് ആഴ്ചയിൽ അഞ്ച് ദിവസം തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് കർശന നിർദേശം നൽകിയത്.  

കഴിഞ്ഞ ദിവസം കോറം തികയാതെ മന്ത്രിസഭ യോഗം ചേരാൻ കഴിയാതിരുന്ന സാഹചര്യത്തിൽ ആണ് മുഖ്യമന്ത്രിയുടെ പുതി നിർദേശം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍