എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി; പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു
ഫോൺകെണി കേസിൽ കുറ്റവിമുക്തനായ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗവും എലത്തൂർ എംഎൽഎയുമായ എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വെച്ച് ഗവർണർ പി സദാശിവം മുമ്പാകെയാണ് സത്യപ്രതിജ്ഞ നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. വിദേശത്തായതിനാൽ മുൻ മന്ത്രി തോമസ് ചാണ്ടി പങ്കെടുത്തില്ല. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.
മുമ്പ് ശശീന്ദ്രൻ വഹിച്ചിരുന്ന ഗതാഗത വകുപ്പുതന്നെയായിരിക്കും ഇത്തവണയും ശശീന്ദ്രന് ലഭിക്കുക. നിലവിൽ മുഖ്യമന്ത്രിയുടെ കൈവശമാണ് ഈ വകുപ്പ്.
കഴിഞ്ഞ വർഷം മാർച്ചിലാണു ഫോണ്‍കെണി വിവാദത്തിൽപ്പെട്ട് ശശീന്ദ്രനു രാജിവയ്ക്കേണ്ടി വന്നത്. കേസ് കഴിഞ്ഞ ദിവസം കോടതി തള്ളിയതിനെത്തുടർന്നാണു പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം ശശീന്ദ്രൻ മന്ത്രിയാകുന്നത്.