ലക്ഷ്‌മി നായരുടെ രാജി ആവശ്യപ്പെട്ട് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ എബിവിപി പ്രവർത്തകനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ താഴെയിറക്കുന്ന സമയത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിനു മുന്നിൽ ഒരാള്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇയാള്‍ക്കു നേരെ ഫയര്‍ഫോഴ്‌സ് ജലപീരങ്കി ഉപയോഗിക്കുകയും ചെയ്‌തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയില്‍പ്പെട്ട അബ്‌ദുള്‍ ജബാര്‍ കുഴഞ്ഞു വീണു. തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.
നിരാഹാര സമരം നടത്തുന്ന കെ മുരളീധരന്‍ എംഎല്‍എയുടെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വൈകീട്ട് 6.30 ഓടെ ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യ മുഴക്കിയത്. യുവാവ് പെട്രോള്‍ ദേഹത്ത് ഒഴിച്ചതോടെ ഫയര്‍ഫോഴ്‌സ് അയാള്‍ക്കുനേരെ വെള്ളംചീറ്റി. വെള്ളം സമരപ്പന്തലിലേക്ക് വീണതോടെ പ്രവര്‍ത്തകര്‍ പ്രകോപിതരായി. ചിലര്‍ പൊലീസിന് നേരെ തിരിയുകയും ഫയര്‍ ഫോഴ്‌സ് വണ്ടിക്ക് നേരെ കല്ലെറിയുകയും ചെയ്‌തു. എന്നാല്‍, പ്രവര്‍ത്തകന്‍ പെട്രോള്‍ ശരീരത്ത് ഒഴിച്ചുവെന്നും അയാള്‍ തീ കൊളുത്താതിരിക്കാനാണ് ജപീരങ്കി ഉപയോഗിച്ചതെന്നും മനസിലായതോടെ പ്രവര്‍ത്തകര്‍ ശാന്തരായി.