ലാവ്‌ലിന്‍ കേസ് ഉയർത്തി സിപിഎമ്മിനെ വേട്ടയാടിയവർ നിരാശരായി: മുഖ്യമന്ത്രി

ബുധന്‍, 23 ഓഗസ്റ്റ് 2017 (16:34 IST)
തന്നെ മുൻനിർത്തി സിപിഎമ്മിനെ ആക്രമിക്കാനാണ് രാഷ്ട്രീയ എതിരാളികൾ ലാവ്‌ലിന്‍ കേസ് പയോഗിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് ഉയർത്തി സിപിഎമ്മിനെ വേട്ടയാടിയവർ ഇപ്പോള്‍ നിരാശരായി. സിബിഐയ്ക്കുമേലുണ്ടായ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായാണ് ഈ കേസ്. സത്യം തെളിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമ്മർദ്ദങ്ങളേറെ ഉണ്ടായിരുന്നതിനാലാണ് സിബിഐ കേസ് കൈകാര്യം ചെയ്‌തത്. കേന്ദ്ര സർക്കാരിന്‍റെ ഇടപെടലിലൂടെയാണ് സിബിഐ വേട്ടയാടിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടായിരുന്നു പാർട്ടിക്ക് ഉണ്ടായിരുന്നത്. തന്നെ തിരഞ്ഞ് പിടിച്ച് സിബിഐ കുറ്റക്കാരാനാക്കുകയായിരുന്നെന്ന ഹൈക്കോടതി വിധിയോടെ ആ നിലപാട് കൂടുതൽ വസ്തുതാപരമായി ശരിയാണെന്ന് തെളിഞ്ഞുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ ഗൂഢാലോചന ഹൈക്കോടതി കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. ജുഡീഷ്യറിയോട് എല്ലാ ഘട്ടത്തിലും ആദരവു മാത്രമാണ് പ്രകടിപ്പിച്ചത്. ആത്യന്തികമായി സത്യം വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നു. കോടതി വിധി കൂടുതൽ ഊർജം പകരുന്നതാണ്. വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരുപാട് പേർ കാത്തിരുന്ന ദിവസമായിരുന്നു ഇന്ന്. തന്നെ സ്നേഹിക്കുന്നവർക്കും ഈ ദിവസം നിർണായകമായിരുന്നു. എന്നാൽ തന്നെ തകർക്കാൻ കാത്തിരുന്നവർക്ക് കോടതി വിധിയോടെ നിരാശരാകേണ്ടി വന്നു. സന്തോഷത്തിന്‍റെ സന്ദർഭമാണ് ഇതെങ്കിലും നിയമ പോരാട്ടത്തിന് കൂടെനിന്ന അഭിഭാഷകൻ എംകെ ദാമോദരൻ ഒപ്പമില്ലാത്തത് ദുഃഖമുണ്ടാക്കുന്നുണ്ട്. കേസിൽ തനിക്കൊപ്പം നിന്ന സഖാക്കൾക്കും പാർട്ടിയോടും നന്ദിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക