കുണ്ടറ പീഡനം: മരിച്ച കുട്ടിയുടെ അമ്മയേയും മുത്തച്ഛനെയും നുണപരിശോധനയ്‌ക്ക് വിധേയരാക്കും

Webdunia
ശനി, 18 മാര്‍ച്ച് 2017 (07:45 IST)
കുണ്ടറയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പത്തു വയസുകാരി നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്ന് ഡോക്ടറുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ മരിച്ച കുട്ടിയുടെ ബന്ധുക്കൾക്ക് നുണപരിശോധന നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു.

കുട്ടിയുടെ അമ്മയേയും മുത്തച്ഛനെയുമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുകയെന്നാണ് വിവരങ്ങൾ. സംഭവവുമായി ബന്ധപ്പെട്ട് അമ്മ അടക്കം ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കേസ് അന്വേഷണത്തില്‍ ഇവര്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.  

പെണ്‍കുട്ടി മരിക്കുന്നതിന് 3 ദിവസം മുമ്പുവരെ പീഡനത്തിനിരയായി എന്നാണ് മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോ കെ വത്സലയുടെ മൊഴി. പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായി എന്നും കണ്ടെത്തി.

അന്വേഷണം പുനരാരംഭിച്ച ഘട്ടത്തിൽ ഡോക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. ജനുവരി 15നാണ് പെണ്‍കുട്ടിയെ വീടിനുള്ളിലെ ജനൽകന്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Next Article