പിടിവാശി സംസ്ഥാന സർക്കാരിനാണ്; ജനങ്ങളെ പരിഭ്രാന്തിയുടെ കൊടുമുടിയിൽ എത്തിക്കാൻ സർക്കാർ ശ്രമിച്ചു?

വെള്ളി, 2 ഡിസം‌ബര്‍ 2016 (17:08 IST)
നിരോധന പ്രഖ്യാപനം ഉണ്ടായപ്പോൾ കേന്ദ്ര സർക്കാരിന്റെ കൂടെ നിൽക്കാതെ കേന്ദ്രത്തിനോടും റിസർവ്വ് ബാങ്കിനോടും യുദ്ധ പ്രഖ്യാപനം നടത്തി ജനങ്ങളെ പരിഭ്രാന്തിയുടെ കൊടുമുടിയിൽ എത്തിക്കാനാണ് സംസ്ഥാന സർക്കാരും പ്രതിപക്ഷവും ശ്രമിച്ചതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. സഹകരണ മേഖലകളിലും ട്രഷറികളിലും നിലവിൽ ഉള്ള പ്രശ്നങ്ങൾ കേരളം ക്ഷണിച്ച് വരുത്തിയതാണെന്നും കുമ്മനം പറഞ്ഞു.
 
സഹകരണ മേഖലയിലെ പണമിടപാടുകൾ റിസർവ്വ് ബാങ്കിന്റെ നിബന്ധനകൾക്ക് വിധേയമാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം തള്ളിയ സംസ്ഥാന സർക്കാരിന് വൈകി വിവേകം വന്നിരിക്കുകയാണ്.  നോട്ട് നിരോധനവും സഹകരണ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിൽ എല്ലാം ബി ജെ പിയുടെ നിർദേങ്ങളും നിബന്ധനകളും അവഹേളിക്കുകയും അപമാനിക്കുകയുമാണ് സംസ്ഥാന സർക്കാർ ചെയ്തത്. എന്നാല്‍ ഇപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ നിബന്ധനങ്ങള്‍ പാലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ഈ തീരുമാനം പത്ത് ദിവസം മുന്‍പ് ഉണ്ടായിരുനെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നുവെന്നും കുമ്മനം പറഞ്ഞു.
 
നോട്ട് നിരോധനം ഭാരതത്തിലെ വിപ്ലവകരമായ തീരുമാനമാണ്. എല്ലാവരും അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ കേന്ദ്രത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയല്ല ചെയ്യേണ്ടത്. മീപ ഭാവിയില്‍ തന്നെ പാവപ്പെട്ടവര്‍ക്ക് ഏറെ ഗുണകരമാണ്. കേന്ദ്ര സര്‍ക്കാറിനെതിരെ ജനവികാരമുണ്ടാക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിക്കുന്നവരുണ്ടോ എന്ന സംശയം ഉയരുകയാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക