ജനത്തിന്റെ വായടപ്പിക്കാന്‍ കുമ്മനം നല്കിയ രഹസ്യ ഉറപ്പ് പുറത്ത്; വെള്ളം കുടിച്ച് ബിജെപി
തിങ്കള്‍, 14 നവംബര്‍ 2016 (18:17 IST)
കടയടപ്പ് സമരം പിന്‍വലിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നല്കിയ ഉറപ്പിനെ തുടര്‍ന്നായിരുന്നു എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കിയതോടെ ബിജെപി ഊരാക്കുടുക്കിലായി.
കുമ്മനം രാജശേഖരന് നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് കടയടപ്പ് സമരം പിന്‍വലിച്ചതെന്ന് നസറുദ്ദീന്‍ വ്യക്തമാക്കുകയും അതിനൊപ്പം കുമ്മനം നല്കിയ രഹസ്യ ഉറപ്പ് എന്തായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയതുമാണ് ബിജെപിയെ വെട്ടിലാക്കിയത്.
ടി നസറുദ്ദീന്‍ പറയുന്നത്:-
കേന്ദ്രഗവണ്മെന്റ് ഉദാരമായ വ്യവസ്ഥയില്‍ നോട്ടുകള്‍ എടുത്തുകൊള്ളാമെന്നും ഡിസംബര്‍ 30 വരെ കൈവശം വെക്കാമെന്നും ഉദ്യോഗസ്ഥന്മാരെ വെച്ച് പീഡിപ്പിക്കുകയില്ലെന്നുമുളള കുമ്മനത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം ഉപേക്ഷിച്ചത്. ഉദ്യോഗസ്ഥന്മാര് ഇനിയും കടയില്‍ കയറി വന്നാല്‍ അവരുടെ ഫോട്ടോ എടുത്ത് മേലോട്ട് കൊടുത്താല്‍ നടപടികള്‍ എടുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ടാക്സ് അടക്കാന്‍ സര്‍ക്കാര്‍ സമയം നീട്ടിത്തരുകയും ചെയ്തിരുന്നു. എല്ലാവരുടെ അഭ്യര്‍ത്ഥന മാനിച്ചും ശബരിമല സീസണ് കണക്കിലെടുത്തുമാണ് കടമുടക്കം ഉപേക്ഷിക്കുന്നതെന്നുമാണ് നസറുദ്ദീന്‍ പറഞ്ഞത്.
എന്നാല്‍ ഈ വെളിപ്പെടുത്തലിനെ തള്ളി കുമ്മനം രംഗത്തെത്തി. താന്‍ വ്യാപാരികള്‍ക്ക് യാതൊരു ഉറപ്പം നല്‍കിയിട്ടില്ല. ജനത്തിന്റെ ദുരിതം കണക്കിലെടുത്താണ് അവരുമായി സംസാരിച്ചത്. മറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ബിജെപി സംസ്ഥാനം പ്രസിഡന്റ് പറഞ്ഞു.
നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. അനിശ്ചിതകാല കടയടപ്പ് സമരം കൂടി ഉണ്ടായാല്‍ ബിജെപിക്കെതിരെ കേരളത്തില്‍ കൂടുതല്‍ എതിര്‍പ്പ് ഉയരുമെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കുമ്മനം വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി കൂടിക്കാഴ്ച നടത്തിയതും രഹസ്യ ഉറപ്പ് നല്കിയതും.