ശബരിനാഥ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെ എസ് യു; മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന് ആവശ്യം

ശനി, 30 മെയ് 2015 (13:03 IST)
അരുവിക്കരയില്‍ ജി.കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെ എസ് യു  കെപിസിസിക്ക് പരാതി നല്‍കി.കാര്‍ത്തികേയന്റെ ഭാര്യ എംടി സുലേഖ സ്ഥാനാര്‍ഥിയാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസിലെ മറ്റ് യോഗ്യരായ നേതാക്കളെ പരിഗണിക്കണമെന്നാണ് കെഎസ് യുവിന്റെ ആവശ്യം. കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ തന്നെ മത്സരിക്കണമെന്നും വിഎം സുധീരന്‍ സ്ഥാനാര്‍ത്ഥിയാകണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. എന്നാല്‍ കെഎസ് യുവിന്റെ കത്ത് സുധീരന്‍ തള്ളി. ശബരിനാഥിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ യൂത്ത് കോണ്‍ഗ്രസിനും എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അവര്‍ അനൌദ്യോഗികമായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഇളയ മകന്‍ കെ.എസ് ശബരിനാഥാണ് സ്ഥാനാര്‍ത്ഥി.കാര്‍ത്തികേയന്റെ ഭാര്യ ഡോ സുലേഖ മത്സരിക്കാന്‍ തയ്യാറാവത്ത സാഹചര്യത്തിലാണ് മകന്‍ ശബരിനാഥിനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പരിഗണിച്ചത്. മുംബൈ ടാറ്റാ കമ്പനിയില്‍ സീനിയര്‍ മാനേജറായിരുന്ന ശബരിനാഥന് കെഎസ്‌യുവില്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ പരിചയമുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബിരുദവും എം.ബി.എയും എടുത്തിട്ടുണ്ട്. തിരുവനന്തപുരം ലയോള കോളേജിലാണ് കോളേജ് പഠനം പൂര്‍ത്തിയാക്കിയത്.

വെബ്ദുനിയ വായിക്കുക