പ്രശസ്ത സാമൂഹ്യപ്രവർത്തകയായ ദയാബായിയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കി വിട്ട സംഭവത്തില്‍ രണ്ട് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ യൂസഫ്, കണ്ടക്ടര്‍ ഷൈലന്‍ എന്നിവരെയാണ് പ്രാഥമിക അന്വേഷണത്തിനൊടുവില്‍ സസ്പെന്‍ഡ് ചെയ്തതത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കൂടുതല്‍ നടപടിയുണ്ടാവുമെന്നും സൂചനയുണ്ട്. കെ.എസ്.ആര്‍.ടി.സി എംഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍. വാര്‍ത്ത പുറത്തുവന്നതോടെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. സംഭവം വിവാദമോയതോടെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നേരിട്ട് ദയാബായിയോട് മാപ്പു ചോദിച്ചിരുന്നു.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. വടക്കാഞ്ചേരി ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസ്സിലാണ് ഇവര്‍ കയറിയത്. ആലുവയില്‍ തനിക്കിറങ്ങേണ്ട സ്‌റ്റോപ് എത്തിയോ എന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കണ്ടക്ടര്‍ ''നിനക്കു ഞാനല്ലേടീ ടിക്കറ്റ് തന്നത്'' എന്നു ചോദിച്ചായിരുന്നു 75വയസ്സുള്ള ദയാബായിയോട് കണ്ടക്ടര്‍ തട്ടിക്കയറിയത്. പിന്നീട് വാതിലിനടുത്തേക്കു നീങ്ങിയ അവരെ ''അതവിടെ നില്ക്കട്ടെ'' എന്നു പറഞ്ഞ് പരിഹസിക്കുകയായിരുന്നു.
കണ്ടക്ടറോട് സ്ഥലം ചോദിച്ചപ്പോള്‍ ആലുവയില്‍ ഇറങ്ങണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുവരും തട്ടിക്കയറാന്‍ തുടങ്ങിയപ്പോള്‍ ആലുവയില്‍ തന്നെ ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 'പ്രായമുള്ള ആളാണെന്ന് നോക്കില്ലെന്നും നല്ലത് തരുമെന്നും' പറഞ്ഞാണ് കണ്ടക്ടര്‍ ഭീഷണിപ്പെടുത്തിയത്. തന്നെ അത്, ഇത് എന്നൊന്നും വിളിക്കരുതെന്നും മനുഷ്യരോടു പെരുമാറുന്ന മാന്യതയോടെ സംസാരിക്കൂവെന്നും പറഞ്ഞ അവരുടെ മറുപടിയില്‍ രോഷംകൊണ്ട് ''ഇറങ്ങെടീ മൂധേവി. വയസ്സ് കണക്കാക്കിയാണ്... അല്ലെങ്കില്‍ ഞാന്‍...'' എന്നിങ്ങനെ ഉറക്കെ ആക്ഷേപിച്ചു കൊണ്ട് ആലുവ ബൈപ്പാസില്‍ നിന്ന് മാറ്റി ബസ് നിറുത്തുകയായിരുന്നു. ഇറങ്ങിയ ശേഷവും ബസ്സിന്റെ കതക് ശക്തിയായി അടച്ച്, ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് ദയാബായി പരാതി ഉന്നയിച്ചിരിക്കുന്നത്
നിയമബിരുദം കരസ്ഥമാക്കിയതിനു ശേഷം മുംബൈയിലെ വിഖ്യാതമായ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിൽ നിന്ന് എം എസ് ഡബ്ല്യു പഠിച്ചിറങ്ങിയ വ്യക്തിയാണ് ദയാബായി എന്ന മേഴ്‌സി മാത്യു. കന്യാസ്ത്രീ ആകുന്നതിന് പോയ മേഴ്സി മാത്യു തന്റെ ഇടം പാവപ്പെട്ടവർക്ക് ഇടയിലാണെന്ന് മനസ്സിലാക്കി മഠത്തിൽ നിന്ന് സാമൂഹ്യസേവനത്തിനായി പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു.