കൃഷിമന്ത്രിക്കെതിരെയുള്ള വിമര്‍ശനം ഉചിതമല്ലെന്ന് സുധീരന്‍

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (14:34 IST)
കൃഷിമന്ത്രി കെപി മോഹനെതിരെ കര്‍ഷക കോണ്‍ഗ്രസ്‌ നടത്തിയ പരസ്യവിമര്‍ശനത്തിനെതിരെ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍. പാര്‍ട്ടിയോട്‌ ആലോചിക്കാതെ ഘടകകക്ഷിയിലെ ഒരു മന്ത്രിയ്‌ക്കെതിരെ ഇത്തരത്തില്‍ നടത്തിയ പരസ്യ പ്രസ്‌താവന ഉചിതമായ രീതിയായിരുന്നില്ലെന്ന് സുധീരന്‍ വ്യക്തമാക്കി. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേര്‍ന്ന കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് കെപിസിസി പ്രസിഡന്റ്‌ കൃഷിമന്ത്രിയെ ന്യായീകരിച്ച് രംഗത്ത് എത്തിയത്.

കൃഷി വകുപ്പില്‍ സര്‍വ്വത്ര അഴിമതിയാണ് നടമാടുന്നതെന്നും. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ 'നീര' യുടെ ഫണ്ടും മന്ത്രി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും അതിനാല്‍ കൃഷിമന്ത്രിയെ പുറത്താക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ്സ് ആവശ്യപെടുകയായിരുന്നു. മന്ത്രിക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെജെ ജോസഫാണ് രംഗത്തെത്തിയത്.

മന്ത്രി കെപി മോഹനന്‍ നീര പദ്ധതിയുമായി ബന്ധപ്പെട്ട്‌ 15 കോടി രൂപ വകമാറ്റി ചെലവഴിച്ച്‌ തട്ടാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു കര്‍ഷക കോണ്‍ഗ്രസിന്റെ ആരോപണം. നീര കര്‍ഷകര്‍ക്ക്‌ നല്‍കാനായി ഇരിക്കുന്ന പണം തേങ്ങാ വികസന കോര്‍പ്പറേഷന്‌ നല്‍കാനാണ്‌ മന്ത്രിയുടെ ശ്രമം കൃഷിവകുപ്പില്‍ സര്‍വത്ര അഴിമതിയാണെന്നും കുട്ടനാട്‌, ഇടുക്കി പാക്കേജുകള്‍ അട്ടിമറിക്കാനായി ഇവയുടെ ഒരു യോഗം പോലും വിളിച്ചിട്ടില്ലെന്നും സ്‌ഥലംമാറ്റത്തിന്‌ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതായും നേതാക്കള്‍ ആരോപിച്ചിരുന്നു.

മന്ത്രിയെ മാറ്റുന്നില്ലെങ്കില്‍ മന്ത്രിയുമായി സഹകരിക്കേണ്ടതില്ലെന്നും സര്‍ക്കാരിനെതിരേ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും കര്‍ഷകകോണ്‍ഗ്രസ്‌ പ്രസ്‌താവനയില്‍ വ്യക്‌തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക