നഴ്സിംഗ് വിദ്യാർത്ഥിനിയെ റാഗ് ചെയ്ത സംഭവം; ശിൽപ്പയും കുടുംബവും ഒളിവിൽ, അശ്വതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിങ്കള്‍, 27 ജൂണ്‍ 2016 (10:21 IST)
കർണാടകയിലെ ഗുൽബർഗയിലെ നഴ്സിംഗ് വുദ്യാർത്ഥിനിയായ അശ്വതിയെ റാഗ് ചെയ്ത സംഭവത്തിൽ നാലാം പ്രതി ശിൽപ്പ ജോസിനെ ഇതുവരെ കണ്ടെത്താനായില്ല. ശിൽപ്പയ്ക്കൊപ്പം കുടുംബവും ഒളിവിലാണെന്നാണ് റിപ്പോർട്ട്. കോട്ടയം ഏറ്റുമാനൂരിലാണ് ശില്‍പയുടെ വീട്.
 
അതേസമയം, റാഗിംഗിന് ഇരയായ പെൺകുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലാണ് അശ്വതി ഇപ്പോഴും. മൊഴി രേഖപ്പെടുത്തുന്നതിന് മുന്നോടിയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഐയുമായി ഡിവൈഎസ്പി ചര്‍ച്ച നടത്തും.
 
അശ്വതിയുടെ ചികിത്സാചിലവടക്കം പഠനം പൂർത്തിയാക്കാനുമുള്ള സഹായം സർക്കാർ പ്രഖ്യാപിച്ചു കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് പതിനാല് ദിവസത്തേക്ക് ഗുല്‍ബര്‍ഗ കോടതി റിമാന്‍ഡ് ചെയ്തു. 

വെബ്ദുനിയ വായിക്കുക