കോന്നി പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പൊലീസ് നിഗമനം
ബുധന്‍, 15 ജൂലൈ 2015 (08:21 IST)
പാലക്കാട് മങ്കരയില്‍ റെയില്‍വേട്രാക്കില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വിലയിരുത്തല്‍. മരിച്ച രണ്ട് കുട്ടികളുടെയും അബോധാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെയും ശരീരത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല.
ആശുപത്രിയിലെത്തിയ അന്വേഷണ സംഘത്തിന് ഡോക്ടര്‍മാര്‍ പരിശോധനാ വിവരങ്ങള്‍ കൈമാറി. അതേസമയം പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ അവധിയായതിനാല്‍ ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭ്യമായിട്ടില്ല. നാളെ ഡോക്ടറില്‍ നിന്നും വിവരമാരായാന്‍ ഒറ്റപ്പാലം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തൃശ്ശൂരില്‍ വീണ്ടുമെത്തും. പെണ്‍കുട്ടികളെ കണ്ടെത്തിയ പൂക്കോട്ടുകുന്നിലും സംഘം ഇന്ന് തെളിവെടുപ്പ് നടത്തും.
ഗുരുതരമായി പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പെണ്‍കുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ശാരീരിക ബന്ധം നടന്നതായി കണ്ടെത്താനായില്ലെന്ന ഗൈനക്കോളജി വിഭാഗം വിദഗ്ധരുടെ റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ക്ഷതങ്ങള്‍ മൂലമുണ്ടായ ആന്തരിക രക്തസ്രാവവും രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലും കാരണം പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. തലച്ചോറിന് ക്ഷതമേറ്റതിനാല്‍ ശസ്ത്രക്രീയ വേണ്ടിവരുമെന്നാണ് വിദഗ്ധാഭിപ്രായം. ഇതിനായി കുട്ടിയെ ന്യൂറോ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റി. മെഡിക്കല്‍ ഐസിയുവില്‍ നിന്നും പെണ്‍കുട്ടിയെ ഇന്നലെ രാത്രി ന്യൂറോ ഐസിയുവിലേക്ക് മാറ്റി. ഇനിയുള്ള ഒരു ദിവസം നിര്‍ണ്ണായകമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
പെണ്‍കുട്ടി അബോധാവസ്ഥയില്‍ തുടരുന്നതിനാല്‍ കോന്നിയില്‍ നിന്നുമെത്തിയ പ്രത്യേക അന്വേഷണസംഘത്തിന് മൊഴിയെടുക്കാനായില്ല. കോന്നി എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. പെണ്‍കുട്ടികള്‍ ബംഗളൂരുവില്‍ നാല് ദിവസത്തിനുള്ളില് രണ്ട് തവണയാത്ര ചെയ്തതായുള്ള സ്ഥിരീകരണം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അങ്ങോട്ടും വ്യാപിപ്പിക്കും. അടുത്ത ദിവസം തന്നെ ബംഗളൂരുവിലേക്ക് പോകാനാണ് പോലീസ് സംഘത്തിന്റെ നീക്കം.