സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ

എ കെ ജെ അയ്യർ

വെള്ളി, 28 മാര്‍ച്ച് 2025 (15:09 IST)
മലപ്പുറം: വിവിധ ജുവലറികളിലേക്ക് മൊത്തമായി സ്വര്‍ണ്ണം വിതരണം ചെയ്യുന്ന മഹാരാഷ്ട്രാ സ്വദേശിയെ ആക്രമിച്ച് ഒന്നേ മുക്കാല്‍ കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. താനൂര്‍ എളാരം കടപ്പുറം കോളിക്കാനകത്ത് ഇസ്ഹാഖ് എന്ന 34 കാരനാണ് താനൂര്‍ പോലീസിന്റെ പിടിയിലായത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2024 മേയ് രണ്ടിന് വൈകിട്ട് നാലരയോടെ ആയിരുന്നു. കോഴിക്കോട്ടെ ശുദ് ഗോള്‍ഡ് ഉടമ പ്രവീണ്‍ സിംഗ് രാജ്പുത് സ്ഥാപനത്തിലെ ജീവനക്കാരനായ മഹേന്ദ്രസിംഗ് റാവുവിന്റെ കൈവശം ജുവലറികള്‍ക്ക് നല്‍കാനായി കൊടുത്തയച്ച 2 കിലോ സ്വര്‍ണ്ണാഭരണങ്ങളു 43.5 ഗ്രാം ഉരുക്കിയ സ്വര്‍ണ്ണക്കട്ടിയുമായിരുന്നു കവര്‍ച്ചാ സംഘം തട്ടിയെടുത്തത്.
 
തിരൂരില്‍ തുടങ്ങാനിരിക്കുന്ന ഒരു ജുവലറിയിലേക്ക് സ്വര്‍ണ്ണം കാണണമെന്ന ആവശ്യവുമായി മഹേന്ദ്രസിംഗിനെ മഞ്ചേരിക്കടത്ത തെയ്യാലയിലേക്ക് വിളിച്ചു വരുത്തി കാറില്‍ കടത്തികൊണ്ടു പോയാണ് സ്വര്‍ണ്ണം തട്ടിയെടുത്തത്. മഹേന്ദ്രസിംഗിനെ ഒഴൂര്‍ ഭാഗത്ത് ഉപേക്ഷിച്ച ശേഷം അക്രമിസംഘം കടന്നുകളഞ്ഞു. 
 
സംഭവത്തില്‍ നിറമരുതൂര്‍ സ്വദേശി ബാപൂട്ടി എന്ന മഹമ്മദ് റിഷാദ്, തിരൂര്‍ സ്വദേശി മുഹമ്മദ് ഷാഫി, മരയ്ക്കാരകത്ത് ഹാസിഫ്, താനൂര്‍ സ്വദേശി റമീസ്, പട്ടാമ്പി സ്വദേശി വിവേക്, കാര്‍ ഡ്രൈവര്‍ തിരുവേഗപ്പുറ രാജേഷ്, മീനടത്തൂര്‍ നൗഫല്‍ എന്നിവര്‍ മുമ്പേ പിടിയിലായിരുന്നു. ഇപ്പോള്‍ അറസ്റ്റ് ചെയ്ത മുഖ്യപ്രതി ഇസ്ഹാഖിനെ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്കാണ് മാറ്റിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍