പരവൂര്‍ ദുരന്തം: ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ കൂടി കീഴടങ്ങി; നടന്നത് കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്
ചൊവ്വ, 12 ഏപ്രില്‍ 2016 (10:19 IST)
പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ കൂടി കീഴടങ്ങി. സുരേന്ദ്രനാഥപിള്ളയാണ് ഇന്ന് കീഴടങ്ങിയത്. ദുരന്തത്തിന് ശേഷം ഒളിവില്‍പ്പോയ ഭാരവാഹികളില്‍ അഞ്ച് പേര്‍ ഇന്നലെ രാത്രി കീഴടങ്ങിയിരുന്നു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ജയലാല്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടി പിള്ള, ഭാരവാഹികളായ സോമസുന്ദരന്‍ പിള്ള, പ്രസാദ്, രവീന്ദ്രന്‍ പിള്ള എന്നിവരാണ് ഇന്നലെ കീഴടങ്ങിയത്. വെടിക്കെട്ടപകടം നടന്നശേഷം ക്ഷേത്രഭാരവാഹികളെല്ലാം ഒളിവിലായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഇവരുടെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങിയത്.
ദുരന്തം നടന്നതിനു ശേഷം ഇവര്‍ തെക്കുംഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു. കിഴടങ്ങിയവര്‍ക്കെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തു. കടുത്ത നിയമലംഘനത്തോടെയാണ് പരവൂരില്‍ വെടിക്കെട്ട് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
വന്‍തോതിലാണ് പൊട്ടാസിയം ക്ലോറൈറ്റ് വെടിമരുന്നില്‍ ഉപയോഗിച്ചിരുന്നത്. വെടിക്കെട്ടു നടക്കുന്ന സ്ഥലം കോണ്‍ക്രീറ്റ് കെട്ടടത്തില്‍ നിന്ന് നൂറ് മീറ്റര്‍ അകലെയായിരിക്കണമെന്ന് മാനദണ്ഡവും ഇവിടെ പാലിക്കപ്പെട്ടില്ല. ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് തയ്യറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നത്. 109 പേര്‍ അപകടത്തില്‍ മരിക്കുകയും 350ലേറെ പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില അതീവ ഗുരുതരമാണ്. കൂടാതെ 36 വീടുകള്‍ക്ക് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം