പരവൂര്‍ ദുരന്തം : ക്ഷേത്ര പരിസരത്തു നിന്നും വീണ്ടും വെടി ശബ്ദം; പരിഭ്രാന്തരായി ജനങ്ങള്‍
ചൊവ്വ, 12 ഏപ്രില്‍ 2016 (11:11 IST)
പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന മത്സര വെടിക്കെട്ട് അപകടത്തിന്‍റെ നടുക്കം വിട്ടുമാറും മുമ്പ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ക്ഷേത്ര പരിസരത്തു നിന്ന് ഉച്ചത്തിലുള്ള വെടി ശബ്ദം കേട്ടത് ജനത്തെ വീണ്ടും പരിഭ്രാന്തിയിലാഴ്ത്തി. അന്വേഷണത്തില്‍ ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ ടയര്‍ പൊട്ടിയ ശബ്ദമാണെന്ന് മനസ്സിലായതോടെ ജനത്തിനും അധികാരികള്‍ക്കും ആശ്വാസമായി.
ദുരന്ത ഭൂമി കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നു പോലും ഉള്ള ജനങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മരിച്ചവരിലോ പരിക്കേറ്റവരിലോ തങ്ങളുടെ പരിചയക്കാരോ ബന്ധുക്കളോ ഉണ്ടോ എന്നതാണ് ഇപ്പോഴും എത്തുന്ന ജനത്തിന്‍റെ സംശയം.
ക്ഷേത്ര പരിസരത്ത് ഇപ്പോഴും കരിമരുന്നിന്‍റെ ഗന്ധം മാറിയിട്ടില്ല. ക്ഷേത്രാങ്കണം മുഴുവന്‍ ഇപ്പോള്‍ പൊലീസിന്‍റെ നിയന്ത്രണത്തിലാണ്. സ്ഫോടനത്തില്‍ തകര്‍ന്ന കമ്പപ്പുര, കമ്പക്കെട്ട് നടന്ന സ്ഥലം എന്നീ പ്രദേശങ്ങള്‍ പ്ലാസ്റ്റിക് റിബണ്‍ കൊണ്ട് കെട്ട് സീല്‍ ചെയ്ത് ജനത്തിനു പ്രവേശനം നിഷേധിച്ചിരിക്കുകയാണിപ്പോള്‍.