എത്തിയത് 98 പൊലീസുകാര്‍; എട്ടരയോടെ മിക്കവരും സ്ഥലം കാലിയാക്കി, വെടിക്കെട്ട് തടയാന്‍ മേലുദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല
ബുധന്‍, 13 ഏപ്രില്‍ 2016 (11:26 IST)
113പേരുടെ മരണത്തിന് ഇടയാക്കുകയും 350ലേറേ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌ത പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്ന് കാട്ടി ജില്ലാ കളക്ടർ എ ഷൈനാമോൾ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ പൊലീസിനെതിരെ ക്രൈംബ്രാഞ്ചും.
പതിനായിരങ്ങൾ എത്തുന്ന പുറ്റിങ്ങൽ ഉൽസവത്തിന്റെ സുരക്ഷയാക്കായി എത്തിയത് 98 പൊലീസുകാര്‍ മാത്രമാണ്. മേലുദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാത്തതിനാലും ആവശ്യമായ നിര്‍ദേശം നല്‍കാത്തതിനാലും എട്ടരയോടെ മിക്ക പൊലീസുകാരും സ്ഥലം വിട്ടിരുന്നു. കൊല്ലം കമ്മീഷ്‌ണര്‍ പി പ്രകാശിന്റെ നിര്‍ദേശം വകവയ്‌ക്കാതെയാണ് കീഴ് ഉദ്യോഗസ്ഥര്‍ പെറുമാറിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ദുരന്തമുണ്ടാകുമ്പോൾ സ്ഥലത്തുണ്ടായിരുന്നത് വളരെക്കുറച്ച് പൊലീസുകാര്‍ മാത്രമാണ്. ക്ഷേത്രത്തിന്റെ പരിസരത്ത് പൊലീസ് ഉണ്ടായിരുന്നില്ല. മത്സരവെടിക്കെട്ട് നടത്തരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാനോ തടയാനോ ഉള്ള പൊലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. സമീപ ജില്ലകളില്‍ നിന്നുവരെ ആളുകള്‍ എത്തിയതിനാല്‍ വന്‍ തിരക്കായിരുന്നു ക്ഷേത്രത്തില്‍ ഉണ്ടായിരുന്നതെന്നും ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതു പൂർണമായും തെളിയുകയാണെങ്കിൽ വീഴ്ച വരുത്തിയ പൊലീസുകാർക്ക് എതിരെ നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാർശ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവ് നടപ്പിലാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്ന് കളക്‍ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 200ലേറെ പൊലീസുകാര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും വെടിക്കെട്ട് തടയാന്‍ കഴിഞ്ഞില്ല. കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ് തയാറായില്ല. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പൊലീസിന് മാത്രമാണെന്നും കളക്‍ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. വെടിക്കെട്ടിന് അനുമതി നിഷേധിച്ച കളക്ടര് ക്ഷേത്രഭാരവാഹികള്‍ നിയമലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം, ജില്ലാ കലക്ടർ എ ഷൈനാമോളുടെ പരസ്യപ്രസ്താവനയിൽ പൊലീസ് തലപ്പത്തുള്ളവർക്ക് അമർഷമുണ്ട്.