കൊല്ലം: ഒഡീഷ ബിജിപ്പൂർ സ്വദേശി അവയ ബറോ എന്ന മുപ്പതുകാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു ഇയാളുടെ സഹോദരീ ഭർത്താവ് മനോജ് കുമാർ നായിക് (38) നെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ കൊട്ടാരക്കര ഓയൂർ റോഡിൽ ചന്തമുക്ക് അർബൻ ബാങ്കിനടുത്ത് കടത്തിണ്ണയിൽ രക്തം വാർന്നു മരിച്ച നിലയിലായിരുന്നു അവയ ബറോ. എന്നാൽ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തലയിലേറ്റ മുറിവാണ് കൊലപാതകം എന്ന സൂചന പൊലീസിന് ലഭിച്ചത്. സമീപത്തെ ബാഗിൽ നിന്ന് മേൽവിലാസം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സഹോദരീ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു മാസമായി ഇയാൾ തൃക്കണ്ണമംഗലിൽ സഹോദരീ ഭർത്താവിനും കുടുംബത്തിനുമൊപ്പം താമസിക്കുകയായിരുന്നു. സംഭവ ദിവസം അവയ ബറോ മനോജ് കുമാറുമായി വഴക്കിട്ടു പുറത്തുപോയി. ഇയാളുടെ പുറകെ സഹോദരി ജ്യോതി, സഹോദരീ ഭർത്താവ് മനോജ് കുമാർ, സഹോദരൻ പീപ് എന്നിവരും പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ പിന്നീട് മനോജ് കുമാർ ഇയാളെ കടത്തിണ്ണയിൽ കണ്ടെത്തി. അവിടെ വച്ച് ഇരുവരും വഴക്കുകൂട്ടുകയും മനോജ് സിമന്റ് കട്ട വച്ച് അവയ ബറോയുടെ തലയ്ക്കടിച്ച ശേഷം സ്ഥലം വിട്ടു. വഴിയിൽ വച്ച് മനോജ് ബന്ധുക്കളെ കണ്ടപ്പോൾ അവയ ബറോ ബാംഗ്ളൂരിലേക്ക് പോയെന്നു പറഞ്ഞു ബന്ധുക്കൾക്കൊപ്പം മടങ്ങി. പോലീസ് നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മനോജാണ് കുറ്റവാളി എന്ന് കണ്ടെത്തുകയായിരുന്നു.