ഉത്രയുടേത് കൊലപാതകം: പാമ്പിനെ കൊണ്ട് കടിപ്പിച്ചെന്ന് ഭർത്താവിന്റെ കുറ്റസമ്മതം

ഞായര്‍, 24 മെയ് 2020 (13:59 IST)
കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ടുതവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഭർത്താവ് സൂരജ് പോലീസിനോട് കുറ്റസമ്മതം നടത്തി. സൂരജിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകും.സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് സൂചന.
 
ഏറം വെള്ളിശ്ശേരി വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്ര(25)യെ മാര്‍ച്ച് രണ്ടിന് രാത്രി അടൂരിലെ സൂരജിന്റെ വീട്ടിൽ വെച്ചാണ് ആദ്യം പാമ്പ് കടിച്ചത്.അണലി വര്‍ഗത്തില്‍ പെട്ട പാമ്പാണ് അന്ന് ഉത്രയെ കടിച്ചത്. പിന്നീട് ചികിത്സയിലിരിക്കെ കുടുംബവീട്ടില്‍വെച്ച് മേയ് ഏഴിനും പാമ്പ് കടിച്ചു. മൂർഖൻ പാമ്പായിരുന്നു രണ്ടാമത് കടിച്ചത്.ഉത്രയെ പാമ്പ് കടിച്ച രണ്ട് സമയത്തും സൂരജ് കൂടെയുണ്ടായിരുന്നു.
 
ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേറ്റ മാര്‍ച്ച് രണ്ടിന് അടൂരിലെ ഒരു ബാങ്കിലെ ലോക്കറില്‍ വെച്ചിരുന്ന ഉത്രയുടെ 92 പവന്‍ സ്വര്‍ണം സൊരജ് എടുത്തിരുന്നു.അടച്ചുറപ്പുള്ള മുറിയിൽ പാമ്പ് കേറാനുള്ള സാധ്യതയില്ലെന്ന് പരിഗണിച്ച് ഉത്രയുടെ മരണത്തില്‍ മാതാപിതാക്കളും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കല്ലുവാതുക്കലിലെ ഒരു പാമ്പ് പിടുത്തക്കാരനുമായി സൂരജിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൽ നിരവധി തവണ അയാളോട് ബന്ധപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചു.
 
പാമ്പുമായുള്ള വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് പാമ്പ് പിടുത്തകാരനിൽ നിന്നും സൂരജ് 10,000 രൂപയ്‌ക്ക് പാമ്പിനെ വാങ്ങിയത്.സൂരജിന്റെ ഒരു അകന്ന ബന്ധുവിനും കൊലപാതകത്തിൽ പങ്കുണ്ട്.കേസിൽ സൂരജും ബന്ധുവുമാണ് കേസില്‍ പ്രതികളാകാന്‍ സാധ്യത. പാമ്പുപിടുത്തക്കാരന്‍ പ്രധാനസാക്ഷിയായേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍