പറയൂ ഇതാണോ പാകിസ്ഥാൻ?; കേരളത്തെ ചൂണ്ടിക്കാട്ടി ബിജെപിയോട് കോടിയേരി ബാലകൃഷ്ണൻ
ചൊവ്വ, 6 ജൂണ്‍ 2017 (07:27 IST)
കേരളത്തെ രാജ്യത്തിന് മുന്നിൽ അവമതിക്കുന്ന തരത്തിൽ അമിത്ഷാ കേരളത്തിൽ വന്ന് പ്രസംഗിച്ചിരുന്നു. കേരളത്തെ പാക്കിസ്ഥാനായി ഒരു ദേശീയ ടെലിവിഷൻ ചാനലും കഴിഞ്ഞ ദിവസം ചിത്രീകരിച്ചിരുന്നു. സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ വികസന സൂചികകളില്‍ വിലയിരുത്തിക്കൊണ്ടാണ് കോടിയേരി ബാലകൃഷ്ണന്റെ പോസ്റ്റ്.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യുമ്പോൾ എല്ലാ മേഖലകളിലും കേരളം മുന്നിലാണ്.
- സാക്ഷരതയിൽ കേരളമാണ് ഒന്നാമത്.
- ആരോഗ്യ സൂചികയിലും മനുഷ്യജീവിത സൂചികയിലും ഏറ്റവും മുന്നിലാണ്.
- ലിംഗസമത്വത്തിലും സ്ത്രീ, പുരുഷ അനുപാതത്തിലും കേരളമാണ് മുന്നിൽ.
- പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഒന്നാമതാണ്.
- ശിശു മരണനിരക്കും ഗർഭിണികളുടെ മരണനിരക്കും ഏറ്റവും കുറവ്.
- ഭിന്ന ലിംഗക്കാരുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ മുന്നിൽ.
- അംഗപരിമിത സൗഹൃദ സംസ്ഥാനം.
- രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം.
- എല്ലാ ഗ്രാമങ്ങളിലും ആധുനിക രീതിയിൽ റോഡ് ഗതാഗത സൗകര്യം ഒരുക്കിയതിൽ ഒന്നാമത്.
- മനുഷ്യാവകാശ സംരക്ഷണത്തിൽ ഒന്നാമത്.
- സൗജന്യ വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ ഒന്നാമത്.
- സൗജന്യ ആരോഗ്യപരിപാലനത്തിൽ ഒന്നാമത്.
- വെളിയിട വിസർജ്ജന വിമുക്ത സംസ്ഥാനം.
- എല്ലാ വീട്ടിലും വൈദ്യുതി എത്തിച്ച സംസ്ഥാനം.
- വർഗീയ കലാപങ്ങൾ ഇല്ലാത്തിടം.
- അയിത്താചാരങ്ങളില്ലാത്തിടം.
- ജാതി പീഡനമില്ലാത്തിടം.
- ദളിത് ഹത്യകളും പീഡനങ്ങളുമില്ലാത്ത സംസ്ഥാനം.
- പശുവിന്റെ പേരിൽ അക്രമങ്ങളും കൊലപാതകങ്ങളും ഇല്ലാത്ത നാട്.
പറയു, ഇതാണോ പാക്കിസ്ഥാൻ?
ഈ പ്രചരണങ്ങളിൽ നിന്ന് ഇനിയെങ്കിലും ബി ജെ പിക്കാർ പിൻവാങ്ങണം. അമിത്ഷാ കേരളത്തിൽ വന്നപ്പോൾ ബി ജെ പി സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിലാണ് അധിക്ഷേപിച്ചത്. ഒന്നിനും കൊള്ളരുതാത്തവരായാണ് ചിത്രീകരിച്ചത്. ഇങ്ങനെ കേരളത്തെ മൊത്തത്തിൽ അധിക്ഷേപിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയായി ബി ജെ പി മാറായിരിക്കുന്നു. കേരള ജനതയെ ഇനിയും അപമാനിക്കരുത്.