ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫിന് നിരാശയായിരിക്കും: കോടിയേരി
തിങ്കള്‍, 2 നവംബര്‍ 2015 (10:44 IST)
തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 2005ലെ ഫലം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫിന്റെ തകർച്ചയുടെ വേഗത കൂട്ടും. ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫിന് നിരാശയായിരിക്കും. അതോടെ യുഡിഎഫ് മന്ത്രിമാർ രാജിവയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കഴിയുന്നതോടെ ബാര്‍ കോഴക്കേസ് നേരിടുന്ന ധനമന്ത്രി കെഎം മാണി രാജിവയ്ക്കും. അടുത്ത ദിവസം ഉമ്മൻചാണ്ടിയും രാജിവെക്കും. മാണി രാജിവെച്ചില്ലെങ്കില്‍ രാഷ്ട്രീയ കക്ഷി നേതാക്കൾ ഗവർണറെ കണ്ട് ഈ ആവശ്യം ഉന്നയിക്കുമെന്നും കോടിയേരി വ്യക്തമാക്കി. കേരളത്തിൽ മാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ചക്ക വീണ് മുയൽ ചത്തു എന്നു കരുതി എന്നും മുയലിനെ കിട്ടുമെന്ന് കരുതുന്ന യുഡിഎഫിന് നിരാശ ആയിരിക്കും ഫലമെന്നും കോടിയേരി പറഞ്ഞു.
മൂന്നാം മുന്നണി ഇപ്പോൾ തന്നെ ചാപിള്ള ആയിക്കഴിഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപിക്ക് ബാദ്ധ്യതയായി. തെരഞ്ഞെടുപ്പ് ഫലം മൂന്നാം മുന്നണിക്ക് ദുരന്തമായിരിക്കുമെന്നും കോടിയേരി പറഞ്ഞു. 2005ൽ നടന്ന തെരഞ്ഞെടുപ്പിൽ 14 ജില്ലകളിൽ 13ഉം എൽഡിഎഫ് നേടി. അത് ഇത്തവണയും ആവർത്തിക്കും. ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നും കോടിയേരി പറഞ്ഞു.