ഗള്‍ഫില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

Webdunia
വ്യാഴം, 10 മാര്‍ച്ച് 2016 (10:00 IST)
കൊച്ചിയിലെ തിരക്കേറിയ പ്രദേശത്തെ എറണാകുളം റവന്യൂ ടവറിന്‍റെ പന്ത്രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. വര്‍ക്കല മേല്‍വെട്ടൂര്‍ പുല്ലുവഴിയില്‍ വീട്ടില്‍ മുഹമ്മദ് ഇബ്രാഹിമിന്‍റെ മകന്‍ ഷാജഹാന്‍ എന്ന 45 കാരനാണ് ഈ കടുംകൈ ചെയ്തത്.

ഗള്‍ഫില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം വാങ്ങിയിരുന്നതായി പൊലീസ് അറിയിച്ചു. ആലപ്പുഴ സ്വദേശി അബ്ദുള്‍ സലാം എന്നയാള്‍ക്ക് ഷാജഹാന്‍ ഉള്‍പ്പെടെ  24 പേരില്‍ നിന്ന് പണം വാങ്ങി നല്‍കിയിരുന്നത്.

കഴിഞ്ഞ ദിവസം ഇവര്‍ ഒത്തുചേര്‍ന്ന് ഷാജഹാനെയും കൂട്ടി പൊലീസ് കമ്മീഷണര്‍ പി വി ദിനേശിനു പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അബ്ദുള്‍ സലാം താമസിക്കുന്ന ഫ്ലാറ്റ് പരിശോധിക്കുന്ന സമയത്തായിരുന്നു ഷാജഹാന്‍ പുറത്തിറങ്ങി താഴേക്ക് ചാടിയത്. മൂന്നാം നിലയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഫുഡ് മാളിന്‍റെ ബാല്‍ക്കണിയില്‍ തലയിടിച്ചു വീണു. തല പൂര്‍ണ്ണമായി തകരുകയും ഉടന്‍ തന്നെ മരിക്കുകയും ചെയ്തു.