കലാഭവന്‍ മണിയുടെ മരണം: ശരീരത്തില്‍ കീടനാശിനിയുടെ സന്നിധ്യം കണ്ടിരുന്നില്ലെന്ന് ഡോക്ടർമാർ
ബുധന്‍, 23 മാര്‍ച്ച് 2016 (09:04 IST)
മണിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഡോക്ടർമാരുടെ മൊഴി. കീടനാശിനിയുടെ സന്നിധ്യം കണ്ടെത്തിയിരുന്നില്ലെന്ന് കൊച്ചിയിൽ മണിയെ ചികിൽസിച്ച ഡോക്ടർമാർ വ്യക്തമാക്കി. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ദിവസവും പതിവ് മരുന്നുകൾ അദ്ദേഹം കഴിച്ചിരുന്നതായും അവർ പറഞ്ഞു.
ദിവസങ്ങൾ നീണ്ട പരിശോധനകൾക്കും അന്വേഷണങ്ങൾക്കുമൊടുവില്‍ മണിയുടേതു സ്വാഭാവിക മരണമായിരിക്കാമെന്ന നിഗമനത്തിലേക്കാണ് പൊലീസ് നീങ്ങുന്നത്. ഇതുവരെ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും കൊലപാതകമോ ആത്മഹത്യയോ ആകാനുള്ള സാധ്യത നിരാകരിക്കുന്നതായിരുന്നു ഇവരുടെ മൊഴികൾ. ഗുരുതര കരൾരോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന്‍ ഫൊറൻസിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതോടെയാണ് സ്വാഭാവിക മരണമെന്ന സാധ്യതയിലേക്ക് പൊലീസ് എത്തുന്നത്. എന്നിരുന്നാലും ശാസ്ത്രീയമായ നിരീക്ഷണങ്ങൾക്കു ശേഷമേ അന്തിമ നിഗമനത്തിലെത്തുകയുള്ളു.
ആശുപത്രിയിൽ വച്ചുണ്ടായ ഹൃദയാഘാതവും അതീവ ഗുരുതരമായ കരൾ രോഗവുമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക വിവരം. ഈ നിഗമനം ശരിവയ്ക്കുന്നതാണ് ഇതുവരെയുള്ള കണ്ടെത്തലുകൾ. എന്നാൽ, കാക്കനാട്ടെ കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് എങ്ങിനെയാണ് സംഭവിച്ചതെന്ന് അന്വേഷിക്കേണ്ടതാണ് പ്രധാന കാര്യം.
കൂടാതെ മണിയുടെ കരളിന്റെ പ്രവർത്തനവും ഏറെക്കുറെ നിലച്ച മട്ടിലായിരുന്നുയെന്നും സൂചനയുണ്ട്. പല ദിവസങ്ങളായി കഴിച്ച ഭക്ഷ്യവസ്തുക്കളിൽ നിന്നാകാം കീടനാശിനി പ്രവർത്തനരഹിതമായ കരളിൽ അടിഞ്ഞുകൂടിയതെന്ന സാധ്യതയാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ആന്തരികാവയവങ്ങളുടെ പുനഃപരിശോധനാ റിപ്പോർട്ട് വന്നതിനു ശേഷമെ അന്തിമനിഗമനത്തിലെത്താൻ സാധിക്കുകയുള്ളൂയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.