മൂന്നു ദിവസം കൊച്ചിയെ പുകച്ച തീയണച്ചു; അട്ടിമറിയെന്ന പരാതി അന്വേഷിക്കും
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ പ്ലാസ്റ്റിക് കൂനയ്ക്ക് പിടിച്ച തീയണച്ചു. പുക നിയന്ത്രണ വിധേയമാണെന്നു ജില്ലാഭരണകൂടം അറിയിച്ചു. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ മൂന്നു ദിവസം പരിശ്രമം നടത്തിയാണ് തീ കെടുത്തിയത്.
തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയെന്ന പരാതി പൊലീസ് അന്വേഷിക്കും. മൂന്നുദിവസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
മാലിന്യ കൂമ്പാരത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും തീ പടർന്നു കയറിയതിനാൽ മണ്ണുമാന്തികൾക്ക് പോലും ഉള്ളിലേക്ക് കടന്നുചെന്നുള്ള പ്രവർത്തനത്തിന് തടസം നേരിട്ടിരുന്നു.
ബ്രഹ്മപുരത്തെ സ്ഥിതി രൂക്ഷമായതോടെ കൊച്ചി നഗരത്തിൽനിന്ന് പ്ലാസ്റ്റിക് മാലിന്യമെടുക്കുന്നത് നഗരസഭ നിർത്തിവച്ചിരുന്നു. നഗരത്തിലും പരിസരത്തും ഇന്നും വിഷപ്പുക ജനത്തെ വലച്ചു.