ബാര്‍ കോഴക്കേസ്: കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി
വെള്ളി, 8 ഏപ്രില്‍ 2016 (11:36 IST)
ബാര്‍ കോഴക്കേസില്‍ കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എസ് പി സുകേശന് എതിരായ ക്രൈംബ്രാഞ്ച് അന്വേണം പൂര്‍ത്തിയാകും വരെ വിജിലന്‍സ് കോടതി നടപടികള്‍ തടയണം എന്ന് ആവശ്യപ്പെട്ടായിരുന്നു മാണി ഹര്‍ജി നല്‍കിയിരുന്നത്. പ്രോസിക്യൂഷനോ, ഹര്‍ജിക്കാരനോ ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി തള്ളിയതോടെ വിജിലന്‍സ് കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്ന സ്ഥിതി സംജാതമായി.
ബിജു രമേശും ആര്‍ സുകേശനും കൂടിക്കാഴ്ച നടത്തിയെന്ന സീഡിക്ക് എന്ത് വിശ്വാസ്യതയാണുള്ളത് എന്ന് കോടതി ചോദിച്ചു. എസ് പി ആര്‍ സുകേശനെതിരായ അന്വേഷണം അടിസ്ഥാന തത്വങ്ങള്‍ പോലും പാലിക്കാതെ ഉള്ളതാണെന്നും ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ചുണ്ടിക്കാട്ടി. പ്രഥമ ദൃഷ്ട്യാ കേസ് എടുക്കാന്‍ സീഡി തെളിവാകുകയില്ല. ഉത്തരവാദിത്വം ഇല്ലാതെയാണ് ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തിയത് എന്നും കോടതി വിമര്‍ശിച്ചു.
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എസ് പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോള്‍ നടക്കുകയാണ്. എസ് പി സുകേശനെതിരെ തെളിവുണ്ടെങ്കില്‍ എന്തിന് സര്‍വീസില്‍ വെച്ചുകൊണ്ടിരിക്കുന്നുവെന്നും മാണിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ എസ് പി സുകേശനെതിരായ അന്വേഷണം പൂര്‍ത്തിയാകുംവരെ നിര്‍ത്തിവക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എസ് പി സുകേശന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ബാര്‍കോഴക്കേസില്‍ അന്വേഷണം നടത്തിയത്. കെ എം മാണിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് കാണിക്കുന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്‍മേലുള്ള തുടര്‍നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കെ എം മാണി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.