താന്‍ വീഴുന്നത് കാണാന്‍ കല്ലാനിക്ക് ആഗ്രഹമുണ്ട്: കെഎം മാണി

ചൊവ്വ, 17 മാര്‍ച്ച് 2015 (19:31 IST)
ധനമന്ത്രി കെഎം മാണി ബാര്‍ കോഴ വാങ്ങിയിട്ടുണ്ടെന്നാണ് കുട്ടികള്‍ പോലും വിശ്വസിക്കുന്നതെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയുടെ പ്രസ്താവനയ്‌ക്കെതിരെ മാണി രംഗത്ത്. താന്‍ വീഴുന്നത് കാണാന്‍ കല്ലാനിക്ക് ആഗ്രഹമുണ്ട്. എന്നിട്ട് പാലായില്‍ പോയി മല്‍സരിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. തനിക്കെതിരായ വിമര്‍ശനത്തെ പുച്ഛിച്ചു തള്ളുമെന്നും മാണി പറഞ്ഞു.

വനിതകളെ കവചമാക്കുന്ന തീവ്രവാദികളുടെ രീതിയാണ് പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിച്ചത്. ആക്രമണം അഴിച്ചുവിട്ട അവരുടെ അടുത്തേക്ക് ആരും പോയില്ല. അധികാരമില്ലാത്തതിന്റെയും നിരാശയുടെയും ഫലമായിട്ടാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപണം ഉന്നയിക്കുന്നതെന്നും മാണി പറഞ്ഞു. ആട് പുല്ല് കടിക്കുന്നതു പോലെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി സര്‍ക്കാര്‍ ഏകോപന സമിതിയുടെ വിശാല യോഗത്തിലായിരുന്നു ടോമി കല്ലാനി മാണിക്കെതിരെ ആഞ്ഞടിച്ചത്. കേരള കോണ്‍ഗ്രസ് പോലും നല്‍കാത്ത പിന്തുണ കോണ്‍ഗ്രസ് എന്തിനാണ് മാണിക്ക് നല്‍കുന്നത്. യുഡിഎഫ് ആഹ്വാനം ചെയ്ത കരിദിനം പാലായില്‍ പോലും ഒരു പ്രതികരണവും ഉണ്ടാക്കിയില്ലെന്നുമാണ് കല്ലാനി നേരത്തെ പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക