സംസ്ഥാനത്ത് പൂട്ടിയ 418 ബാറുകളിൽ നിലവാരമുള്ളവ തുറക്കുമെന്ന് ധനമന്ത്രി കെഎം മാണി. ഈ വിഷയത്തില്‍ മന്ത്രിസഭയിൽ ഭിന്നതയില്ലെന്നും. ചില കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പാര്‍ട്ടിക്ക് ചില ചിട്ടകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന് നേരെ ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. യുഡിഎഫ് ഭരണം താറുമാറായെന്ന ഷോണിന്റെ പരാമര്‍ശത്തിന് കുട്ടികളുടെ അഭിപ്രായമായി കണ്ടാൽ മതിയെന്നും കെഎം മാണി പറഞ്ഞു.
സംസ്ഥാനത്തെ യുഡിഎഫ് ഭരണം മടുത്തെന്നും കേരളത്തില്‍ നടമാടുന്നത് ദുര്‍ഭരണമാണെന്നുമാണ് ബിജെപിയുടെ പോഷക സംഘടനയായ യുവമോര്‍ച്ച കോട്ടയത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ പദയാത്രയുടെ സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കേരള കോണ്‍ഗ്രസിന്റെ യുവജനവിഭാഗമായ യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ഷോണ്‍ ജോര്‍ജ് വെടി പൊട്ടിച്ചത്.
കേരളത്തിലെ യുഡിഎഫ് ഭരണം സാധരണക്കാരനില്‍ നിന്നും അകന്നു പോയിരിക്കുന്നു. കേരളത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കുകയാണെങ്കില്‍ ബിജെപിക്ക് കേരളം ഭരിക്കാമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി ആര് സംസ്ഥാനം ഭരിച്ചാലും താന്‍ ആ പാര്‍ട്ടിയില്‍ ചേരുമെന്നും ഷോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.