ബാര്‍ കോഴ: മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു

ശനി, 9 മെയ് 2015 (08:10 IST)
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിയെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് സൂപ്രണ്ട് ആർ സുകേശന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് ഏഴിന് തുടങ്ങിയ ചോദ്യംചെയ്യൽ ഒരുമണിക്കൂറിലേറെ നീണ്ടു. പല സന്ദര്‍ഭങ്ങളിലും ബാര്‍ ഹോട്ടല്‍ ഉടമകളെ കണ്ടിട്ടുണ്ടെന്നു മാണി വിജിലന്‍സിനു മൊഴി നല്‍കിയതായാണു റിപ്പോര്‍ട്ട്. എന്നാല്‍ ബാര്‍ ഹോട്ടല്‍ ഉടമകള്‍ പണം നല്‍കിയെന്ന കാര്യം മാണി നിഷേധിച്ചു.

തയാറാക്കിയ അമ്പതോളം ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ കെഎം മാണിയോട് ചോദിച്ചത്. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും എത്രയും വേഗം റിപ്പോർട്ട് പൂർത്തിയാക്കുമെന്നുമാണ് വിജിലൻസ് കോടതിയെ അറിയിച്ചിരിക്കുന്നത്. കേസിൽ പ്രധാനമായും അവശേഷിച്ചിരുന്നത് മാണിയുടെ ചോദ്യം ചെയ്യൽ കൂടിയായിരുന്നു. അതുകൂടി പൂർത്തിയായാൽ വിജിലൻസിന് അന്തിമ റിപ്പോർട്ട് തയാറാക്കാം. ഇനി ചില ശാസ്ത്രീയ പരിശോധനകളുടെ റിപ്പോര്‍ട്ട് മാത്രമാണു കേസില്‍ ലഭിക്കാനുള്ളത്. അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.

അതേസമയം, ബാർ കോഴ കേസിൽ ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ് കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്കു അയയ്ക്കാൻ വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക