മാണിക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോകേണ്ടി വരും: വിഎസ്

Webdunia
തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (12:19 IST)
ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തുന്ന നിയമസഭ മാര്‍ച്ച് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാര്‍ കോഴ ആരോപണത്തില്‍ നില്‍ക്കുന്ന കെഎം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സംരക്ഷിക്കുകയാണെന്നും. മാണിയെ സംരക്ഷിച്ചില്ലെങ്കില്‍ അദ്ദേഹം സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമോ എന്ന പേടി ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ഉണ്ടെന്നും അച്യുതാനന്ദന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ മാണിയെ സംരക്ഷിക്കുക അല്ലാതെ സര്‍ക്കാരിന് വേറെ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ മതിയായ തെളിവുകള്‍ ലഭിച്ച കേസ് ഇല്ലാതാക്കാനുള്ള ഹീന നടപടിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്നതെന്നും വിഎസ് പറഞ്ഞു. തെളിവുകള്‍ മാണിയെ കുടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിക്കൊണ്ട് ചെന്നിത്തല രംഗത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഉരുട്ടി കൊലക്കേസില്‍ വിചാരണ നേരിടുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അജിത് കുമാറിനെയാണ് കേസിന്‍റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് മാണിക്കെതിരായ കേസ് തേച്ചു മാച്ചു കളയാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും വിഎസ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.