മാണി കോഴ ആവശ്യപ്പെട്ടു; ശബ്ദരേഖകള്‍ കൈവശമുണ്ട്- ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി

ബുധന്‍, 24 ജൂണ്‍ 2015 (11:58 IST)
കേരളാ കോണ്‍ഗ്രസ് (എം‌) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണി ബാര്‍ കോഴ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്ന് ബാര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എംഡി ധനേഷ്. ബാര്‍ കേസില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ ശബ്ദരേഖ പുറത്തുവിടും. ഭയം കൊണ്ടാണ് ബാര്‍ അസോസിയേഷനിലെ പലരും ഒന്നും പുറത്ത് പറയാത്തതെന്നും അദ്ദേഹം പറഞ്ഞു.

മാണിയുടെ ശബ്ദരേഖ കയ്യിലുണ്ടെന്ന് തന്റെ കൂടെയുള്ള എല്ലാവര്‍ക്കും അറിയാം. അവര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാം. അവസരം വരുമ്പോള്‍ ശബ്ദരേഖ പ്രയോഗിക്കും. ഭയം കൊണ്ടാണ് ആരും ഒന്നും പുറത്തുപറയാത്തത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയിട്ട് പ്രയോഗിച്ചിട്ട് കാര്യമില്ല. അതിനാല്‍ ഉചിതമായ സമയത്ത് എല്ലം പുറത്ത് വരുമെന്നും കൊച്ചിയിലെ മീനൂസ് ബാര്‍ ഉടമയായ ധനേഷ് വ്യക്തമാക്കി.

താനടക്കമുള്ള എല്ലാ ചെറുകിട ബാറുകാരുടെയും അവസ്ഥ പരിതാപകരമാണ്. അടുത്തമാസം പത്തിന് സുപ്രീംകോടതി പരിഗണിക്കുന്ന കേസിലാണ് ഇപ്പോള്‍ അവസാന പ്രതീക്ഷ. അന്ന് സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതും ലഭിച്ചില്ലെങ്കില്‍ ഉറപ്പായും ശബ്ദരേഖ പുറത്തുവിടുമെന്നും ധനേഷ് വെളിപ്പെടുത്തുന്നു. കൈരളി പീപ്പിള്‍ ചാനലിനോടാണ് മാണി കോഴ ആവശ്യപ്പെടുന്നതിന്റെ ശബ്ദ രേഖ കൈവശമുണ്ടെന്ന് ധനേഷ് പറഞ്ഞത്.

മാണി കോഴ ആവശ്യപ്പെടുന്നതിന്റെ ശബ്ദ രേഖ പലരുടെയും കൈവശമുണ്ടെന്ന് ബാര്‍കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് എസ് പി സുകേശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് ബാ ര്‍അസോസിയഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശാണ് ശബ്ദരേഖ ധനേഷിശന്റ കൈയിലാണെന്ന് വെളിപ്പെടുത്തിയത്. അത് ശരിവെക്കുന്നതാണ് ധനേഷിന്റെ വെളിപ്പെടുത്തല്‍.

വെബ്ദുനിയ വായിക്കുക