മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി

വ്യാഴം, 29 ഒക്‌ടോബര്‍ 2015 (16:36 IST)
ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി. ബാര്‍കോഴക്കേസ് തുടര്‍ന്നും അന്വേഷിക്കണം എന്ന് ഉത്തരവിട്ടു കൊണ്ടുള്ള വിജിലന്‍സ് കോടതി ഉത്തരവിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോളിനെതിരെ രൂക്ഷ വിമര്‍ശനവും വിധിപ്പകര്‍പ്പില്‍ കോടതി നടത്തിയിട്ടുണ്ട്.
 
സത്യം മറച്ചുവെയ്ക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ ശ്രമിച്ചെന്ന് കോടതി നിരീക്ഷിച്ചു. വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ ഇല്ലെന്നും കോടതി പറയുന്നു. അന്തിമറിപ്പോര്‍ട്ട് നല്കിയത് സമ്മര്‍ദ്ദം കാരണമാണെന്നും കോടതി നിരീക്ഷിക്കുന്നു.
 
ബാര്‍കോഴ കേസില്‍ മാണിയുടെ പങ്ക് കോടതി ശരിവെച്ചു. മാര്‍ച്ച് 22നും ഏപ്രില്‍ രണ്ടിനും കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന് കോടതി പറഞ്ഞു. രേഖകളും കണ്ടെത്തലുകളും ഇത് വ്യക്തമാക്കുന്നെന്ന് കോടതി വ്യക്തമാക്കി.
 
മാണിയും ബാറുടമകളും നടത്തിയ രണ്ടാം കൂടിക്കാഴ്ച അന്വേഷിക്കണം. അന്വേഷണ ഏജന്‍സി കോടതിയുടെ ചുമതല നിര്‍വ്വഹിക്കേണ്ടെന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക