ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കെഎം മാണിയും ജോസ് കെ മാണിയും ചര്‍ച്ച നടത്തി; ഗുജറാത്തില്‍ വെച്ചു നടന്ന ചര്‍ച്ചയ്ക്ക് മധ്യസ്ഥനായത് ഒരു ബിഷപ്പെന്നും ആന്റണി രാജു

ശനി, 6 ഓഗസ്റ്റ് 2016 (11:44 IST)
ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനങ്ങള്‍ എടുക്കുന്നതിനായി ഒത്തു ചേരുമ്പോള്‍ പാര്‍ട്ടി വിട്ടവര്‍ ആരോപണശരങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു. കെ എം മാണിയും മകന്‍ ജോസ് കെ മാണിയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു വെളിപ്പെടുത്തി.
 
ഈ വര്‍ഷമാദ്യമാണ് ചര്‍ച്ചകള്‍ നടന്നത്. പിന്നീട്, പലതവണ ബി ജെ പി നേതാക്കളുമായി തുടര്‍ചര്‍ച്ചകള്‍ നടന്നു. ഗുജറാത്തിലെ ഒരു ബിഷപ്പിന്റെ മധ്യസ്ഥതയിലാണ് ജോസ് കെ മാണിയും അമിത് ഷായും ചര്‍ച്ച നടത്തിയത്. ഇതിനു ശേഷം പലതവണ എന്‍ ഡി എ നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. മാണിയുടെ ലക്‌ഷ്യവും എന്‍ ഡി എയും അതുവഴി ജോസ് കെ മാണിയുടെ മന്ത്രിസ്ഥാനവുമാണെന്നും അദ്ദേഹം പറഞ്ഞു.
 
യു ഡി എഫില്‍ നിന്നു പോകാന്‍ ഒരു കാരണമായി ബാര്‍കോഴ ഗൂഡാലോചന ഉന്നയിക്കുന്നുവെന്നേയുള്ളു. മാണി എന്‍ ഡി എയിലേക്ക് പോയാല്‍ കേരള കോണ്‍ഗ്രസ് പിളരുമെന്നും ആന്റണി രാജു വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക