24 മണിക്കൂറിനുള്ളില്‍ എല്ലാം വൃത്തിയാക്കിയിരിക്കണം, അല്ലെങ്കില്‍ ഒരുത്തര്‍ക്കും പണിയുണ്ടാകില്ല; ആശുപത്രിയില്‍ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയതിന് പിന്നാലെ പൊട്ടിത്തെറിച്ച് മന്ത്രി

വ്യാഴം, 18 മെയ് 2017 (12:29 IST)
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയ്ക്ക് ലഭിച്ചത് ബിയറിന്റെയും മദ്യത്തിന്റെയും കുപ്പികള്‍. ഒന്നാം വാര്‍ഡിനു സമീപത്തുനിന്നാണ് ഒഴിഞ്ഞ മദ്യ  കുപ്പികള്‍ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് സംഭവം.

ജില്ലയിൽ പനി പടരുന്നതിനെത്തുടര്‍ന്നാണ് ജനറൽ ആശുപത്രിയിലെ സാഹചര്യങ്ങൾ വിലയിരുത്താന്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം. പനി വാർഡിലേക്കു മന്ത്രി പോകുന്നതിനിടെ അന്തേവാസികളാണു മദ്യക്കുപ്പികൾ കാണിച്ചുകൊടുത്തത്.

ഒന്നരമണിക്കൂറോളം മന്ത്രി നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ ലഭിച്ചത്. തുടർന്ന് ഉദ്യോഗസ്ഥരോടും സൂപ്രണ്ടിനോടും തട്ടിക്കയറിയ മന്ത്രി ആശുപത്രി പരിസരം ശുചീകരിച്ച് വൃത്തിയാക്കിയില്ലെങ്കില്‍ നാളെ മുതല്‍ പണിയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് മന്ത്രി 24 മണിക്കൂര്‍ സമയവും അനുവദിച്ചു.

ഉദ്യോഗസ്ഥരോടും സൂപ്രണ്ടിനോടും മന്ത്രി രൂക്ഷമായി സംസാരിക്കുകയും ചെയ്‌തു. ആശുപത്രിയില്‍ വരുന്നവര്‍ മദ്യപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അധികൃതരാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രി ശുചീകരിക്കാന്‍ 24 മണിക്കൂര്‍ സമയം നല്‍കിയ മന്ത്രി ഹാജര്‍നിലയും പരിശോധിച്ചു.

ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുളള ജീവനക്കാര്‍ ആശുപത്രിയില്‍ വൈകിയാണ് എത്തുന്നതെന്ന് മനസിലാക്കിയ മന്ത്രി ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

വെബ്ദുനിയ വായിക്കുക