ടൈറ്റാനിയം അഴിമതി: തെളിവുകള്‍ ലഭ്യമായെന്ന വിജിലൻസ് ഡയറക്ടറുടെ കണ്ടെത്തലുകള്‍ ശരിയെന്ന് മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍

ഞായര്‍, 24 ജൂലൈ 2016 (12:49 IST)
ടൈറ്റാനിയം അഴിമതിക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും രമേഷ് ചെന്നിത്തലക്കും എതിരെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ രംഗത്ത്. ടൈറ്റാനിയം അഴിമതിക്കേസില്‍ കേസില്‍ തെളിവ് ലഭിച്ചതായുളള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കണ്ടെത്തലുകള്‍ ശരിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
 
ഉമ്മന്‍ചാണ്ടിയും  ചെന്നിത്തലയും ചേര്‍ന്നാണ് മലീനീകരണ നിയന്ത്രണ വകുപ്പ് തന്നില്‍ നിന്നും എടുത്ത് മാറ്റിയത്. വകുപ്പിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയതിനാണ് തന്നെ സ്ഥാനത്ത് നിന്നും മാറ്റിയത്. തന്നില്‍ നിന്നും ആ വകുപ്പ് എടുത്ത് മാറ്റിയ അന്നുരാത്രി തന്നെ ടൈറ്റാനിയത്തിന് മലീനീകരണ നിയന്ത്രണ വകുപ്പ് ക്ലിയറന്‍സ് നല്‍കുകയും ചെയ്തു. രാമചന്ദ്രന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
 
കമ്പനിയിലെ മലിനീകരണ നിയന്ത്രണ പ്ലാന്‍റിനായി 2011ൽ ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിക്കാതെ പ്ലാന്റില്‍ കൂട്ടിയിട്ടിരിക്കുകയാണെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്‌ടറുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. 
 
ടൈറ്റാനിയം കേസില്‍ അഴിമതി നടന്നതിന്റെ തെളിവുകള്‍ ലഭ്യമായെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ആരോപണം നേരിടുന്ന കേസാണ് ഇത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക